ന്യൂഡൽഹി∙ രാജീവ് ഗാന്ധി വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൻ, ആർ.പി. രവിചന്ദ്രൻ എന്നിവരുൾപ്പെടെ ആറുപേരെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്. മുഴുവൻ പ്രതികളെയും മോചിപ്പിക്കണമെന്നാണ് ഉത്തരവ്. മോചിപ്പിക്കണമെന്ന ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെ നളിനിയും രവിചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.പേരറിവാളനെ വിട്ടയയ്ക്കാനായി സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനു സമാനമായി ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം ഹൈക്കോടതിക്ക് അധികാരം പ്രയോഗിക്കാനാകില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഇരുവരുടെയും ഹർജി ഹൈക്കോടതി തള്ളിയത്. പേരറിവാളന്റെ വിഷയത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചനം തേടുകയാണെങ്കിൽ, നളിനിക്കു സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.