അക്ഷരങ്ങളിലൂടെ ലഭിക്കുന്ന സര്‍ഗാത്മക അനുഭൂതിയെ തൊട്ടറിയുക: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂര്‍: അക്ഷരങ്ങളിലൂടെ ലഭിക്കുന്ന സര്‍ഗാത്മക അനുഭൂതിയെ ഓരോ ദിവസവും തൊട്ടറിയണമെന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച മനുഷ്യന്റെ സര്‍ഗ്ഗാത്മകതയെ ബാധിക്കുന്നതിനെ മറികടക്കാന്‍ വായനയിലൂടെ സാധിക്കുമെന്നും രജിസ്ട്രേഷന്‍, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വായന മാസാചരണത്തിന്റെ സമാപന സമ്മേളനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്‌നകുമാരി അധ്യക്ഷയായി.

വായനാ മാസാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി സാഹിത്യകൃതികളെ ആസ്പദമാക്കി നടത്തിയ പുസ്തകത്തിനൊരു കത്ത്, കാരിക്കേച്ചര്‍, പുസ്തക കവര്‍പേജ് ഡിസൈനിങ് എന്നീ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ജില്ലാ കലക്ടര്‍ അരുണ്‍. കെ. വിജയനും ചേര്‍ന്ന് വിതരണം ചെയ്തു. എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു മത്സരങ്ങള്‍. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മല്‍സര വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.

മുഖ്യാതിഥി അസി. കലക്ടര്‍ എഹ്‌തെദ മുഫസിര്‍ വിദ്യാര്‍ഥികളോട് സംവദിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷ്, സമഗ്രശിക്ഷാ കേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.സി. വിനോദ്, കണ്ണൂര്‍ ഡി.ഇ.ഒ വി.ദീപ, വിദ്യാകിരണം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കാരയില്‍ സുകുമാരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ സൗമ്യ മത്തായി എന്നിവര്‍ സംസാരിച്ചു. മത്സരങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചു.

Top News from last week.