വടകരയുടെ തീരാനഷ്ടവും ഊരാളുങ്കലിന്റെ നെടുംതൂണുമായ രമേശൻ പാലേരിയുടെ വിയോഗത്തിൽ നാട് അനുശോചനം രേഖപ്പെടുത്തി.
ഒരു സഹകരണ തൊഴിലാളി പ്രസ്ഥാനത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളിക്കൂട്ടായ്മയായി വളർത്തിയെടുക്കുന്നതിൽ രമേശൻ പാലേരിയുടെ നേതൃപാടവവും ഭാവനാപൂർണ്ണമായ ദീർഘവീക്ഷണവും നിർണ്ണായക പങ്കാണ് വഹിച്ചത്. നിർമ്മാണ മേഖലയ്ക്ക് പുറമെ ഐ.ടി വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്ക് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിച്ചതും അദ്ദേഹത്തിന്റെ ഇടപെടലുകളുടെ ഫലമായാണ്.
വടകരയിലെ വികസന പ്രവർത്തനങ്ങളിലും സാംസ്കാരിക സംഘാടനത്തിലും എക്കാലവും സജീവമായി നിലകൊണ്ട അദ്ദേഹം, പ്രതിസന്ധികൾ അനുഭവിക്കുന്ന മനുഷ്യർക്ക് എന്നും തുണയായിരുന്നു. രോഗബാധയുടെ പ്രയാസങ്ങൾക്കിടയിലും അതിനെയെല്ലാം മറികടന്ന് കർമ്മമണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രമുഖരും കുടുംബാംഗങ്ങളും ഊരാളുങ്കൽ പ്രസ്ഥാനത്തിലെ തൊഴിലാളികളും ദുഃഖം രേഖപ്പെടുത്തി.








