തിരുവനന്തപുരം: വിവാദ ഭാഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിൻറെ പ്രദർശനം. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്‌റംഗിയെന്ന വില്ലൻറെ പേരും മാറ്റിയേക്കും. ഉടൻ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെൻർ ബോർഡിൻറെ നിർദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം.
സിനിമയിലെ വിവാദങ്ങളിൽ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമാ സംഘടനകളും വിഷയത്തിൽ മൗനത്തിലാണ്. വിവാദങ്ങൾക്കിടയിലും തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് ചിത്രം. സിനിമയുടെ റെക്കോർഡ് കളക്ഷൻ വിവരങ്ങൾ താരങ്ങൾ തന്നെ പുറത്തുവിട്ടു.









