നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം: മുഖ്യമന്ത്രി വി.ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു

തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി തിരു സി. ജോസഫ് വിജയ്ക്ക് കത്തയച്ചു.

തമിഴ്നാട് സർക്കാർ ജൂലൈ 9-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം (No. 306) പ്രകാരം അന്തർസംസ്ഥാന നിർമ്മാണ സാമഗ്രികളുടെ കടത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ നിന്നുള്ള ക്വാറി ഉൽപ്പന്നങ്ങളുടെ വരവ് പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് കേരളത്തിലെ ദേശീയപാത വികസനത്തെയും മറ്റ് പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിൽ വൻകിട പദ്ധതികൾക്ക് ആവശ്യമായ കല്ലും മെറ്റലും ലഭ്യമാകുന്നതിൽ പരിമിതികളുള്ളതിനാൽ തമിഴ്നാട്ടിലെ അതിർത്തി ജില്ലകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. തമിഴ്നാടിന്റെ പുതിയ നയപരമായ തീരുമാനത്തെയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തെയും മാനിച്ചുകൊണ്ടുതന്നെ, ദേശീയപാത വികസനം പോലുള്ള സുപ്രധാന പദ്ധതികൾക്കായി പ്രത്യേക ഇളവുകൾ നൽകണമെന്ന ആവശ്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വല്ലാര്പാടം കണ്ടെയ്നർ ടെർമിനൽ എന്നിവയുമായുള്ള കണക്റ്റിവിറ്റിക്കും, തെക്കേ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും ഈ ദേശീയപാത പദ്ധതികൾ അത്യന്താപേക്ഷിതമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പാരമ്പര്യം മുൻനിർത്തി വിഷയത്തിൽ അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കത്തിൽ കൂട്ടിച്ചേർത്തു.

Top News from last week.