റിലയന്‍സ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തുന്നു.

റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ ട്രംപിന്റെ ഭീഷണിക്കു മുന്നില്‍ റിലയന്‍സ് അടിയറവ് വച്ചെന്ന തരത്തിലായിരുന്നു ഇക്കഴിഞ്ഞ ദിവസം വരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പക്ഷെ ലോകം കണ്ട ഏറ്റവും മികച്ച ബിസിനസുകാരില്‍ ഒരാളായ അംബാനിയെ ട്രംപ് എന്ത് ബിസിനസ് പഠിപ്പിക്കാനാ? റഷ്യന്‍ എണ്ണയ്ക്കു മേല്‍ യുഎസും, യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ തന്ത്രപരമായി നേരിട്ടിരിക്കുകയാണ് അംബാനി.റിലയന്‍സ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തുന്നു. പക്ഷെ ഈ വാര്‍ത്തയില്‍ ഒരു ട്വിസ്റ്റുണ്ട്. നിർത്തുന്നത് ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഇറക്കുമതിയല്ല. മറ്റു വിപണികൾക്കു വേണ്ടിയുള്ള ഇറക്കുമതിയാണെന്ന് മാത്രം. യുഎസ്, ഇയു മേഖലകളിലേയ്ക്ക് കയറ്റുമതി ചെയ്യാന്‍ ഉപയോഗിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ക്രൂഡിന്റെ ഇറക്കുമതി മാത്രമാണ് റിലയന്‍സ് നിര്‍ത്തുന്നത്.

റിലയന്‍സ് ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയാണ്. ഇവര്‍ റഷ്യ, യുഎസ്, ഒപെക് രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍ പോലുള്ള ഉപ ഉല്‍പ്പനങ്ങള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. റഷ്യന്‍ എണ്ണ ഉപയോഗിക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യുഎസ്, യൂറോപ്യന്‍ യൂണിയന്‍ വിപണികളിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ റഷ്യന്‍ ക്രൂഡ് ഉപയോഗിക്കില്ലെന്ന് റിലയന്‍സ് വ്യക്തമാക്കി. ഇതിന് അര്‍ത്ഥം അംബാനി റഷ്യന്‍ എണ്ണ വാങ്ങല്‍ പൂര്‍ണായി നിര്‍ത്തിയെന്നല്ല. ഇന്ത്യയ്ക്കും, ഉപരോധങ്ങള്‍ ഇല്ലാത്ത മറ്റു വിപണികള്‍ക്കുമായി റഷ്യന്‍ ഇടപാട് റിലയന്‍സ് തുടരും.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഗുജറാത്തിലെ ജാംനഗറിലെ കയറ്റുമതിക്കു മാത്രമുള്ള റിഫൈനറിയില്‍ ഇനി മുതല്‍ റഷ്യന്‍ ക്രൂഡ് ഉപയോഗിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പക്ഷെ ഇവിടെയാണ് 2 തന്ത്രങ്ങള്‍. യൂറോപ്യന്‍ യൂണിയനിലേക്കും, യുഎസിലേക്കും, മറ്റ് വിപണികളിലേക്കും ഇന്ധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഒരു സെസ് യൂണിറ്റും, ആഭ്യന്തര വിപണിക്ക് അനുയോജ്യമായ ഒരു പഴയ യൂണിറ്റുമാണ് ഈ റിഫൈനറിയിലുള്ളത്. ഇതില്‍ വിദേശ യൂണിറ്റില്‍ നിന്നു മാത്രമാണ് റഷ്യന്‍ ഓയിലിനെ അകറ്റി നിര്‍ത്തുന്നത്. കാരണം യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ റിലയന്‍സിന്റെ പ്രധാന വിപണികളാണ്.

റഷ്യ ഇന്ത്യയ്ക്ക് എണ്ണയില്‍ നല്‍കുന്ന ഇളവുകള്‍ കണ്ടില്ലെന്നു വയ്ക്കാന്‍ അംബാനിയിലെ ബിസിനസുകാരന് കഴിയില്ല. ഇന്ത്യന്‍ ഇറക്കുമതി അവസാനിപ്പിക്കാന്‍ ട്രംപ് ഓരോതവണ ഇടപെടുമ്പോഴും പുടിന്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതാണ് കണ്ടുവരുന്നത്. ആഗോള എണ്ണ വിലയേക്കാള്‍ ഏറെ ആകര്‍ഷകമായ നിരക്കിലാണ് നിലവില്‍ റഷ്യ ഇന്ത്യ എണ്ണ ഇടപാട് പുരോഗമിക്കുന്നത്.

ഇന്ത്യയില്‍ റഷ്യന്‍ എണ്ണയുടെ പ്രധാന വാങ്ങലുകാര്‍ റിലയന്‍സ ആണ്. ഇതു സംസ്‌കരിച്ച് പെട്രോള്‍, ഡീസല്‍ പോലുള്ള ഇന്ധനമാക്കി മാറ്റുന്നു. ഇത് ശക്തമായ ലാഭം സൃഷ്ടിക്കുന്നു. റഷ്യന്‍ എണ്ണ ഉപയോഗിക്കുന്നവര്‍ക്ക് 500% നികുതി ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി റഷ്യയില്‍ നിന്നുള്ള ഇളവുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അടുത്തമാസം തീരുമാനിച്ചിരിക്കുന്ന പുടിന്റെ ഇന്ത്യ സന്ദര്‍ശനമാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

 

Top News from last week.