ഭാരതത്തിന്റെ ആദ്യ അണ്ടർഗ്രൗണ്ട് കോൾ ഗ്യാസിഫിക്കേഷൻ പ്ലാന്റുമായി റിലയൻസ്: ആന്ധ്രപ്രദേശിൽ 2.73 ലക്ഷം കോടി രൂപയുടെ നിക്ഷേപം


അണ്ടർഗ്രൗണ്ട് കോൾ ഗ്യാസിഫിക്കേഷൻ പദ്ധതി

ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിപ്ലവകരമായ പദ്ധതിയുമായി റിലയൻസ് ഇൻഡസ്ട്രീസ് മുന്നോട്ട്. ഭൂമിക്കടിയിലെ കൽക്കരി പുറത്തെടുക്കാതെ നേരിട്ട് വാതകമാക്കി മാറ്റുന്ന രാജ്യത്തെ ആദ്യ ‘അണ്ടർഗ്രൗണ്ട് കോൾ ഗ്യാസിഫിക്കേഷൻ’ (UCG) പ്ലാന്റ് ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിൽ സ്ഥാപിക്കാൻ റിലയൻസ് ഗ്രൂപ്പ് ഒരുങ്ങുന്നു. അടുത്ത 30 വർഷത്തിനുള്ളിൽ 2.73 ലക്ഷം കോടി രൂപയുടെ വൻ നിക്ഷേപമാണ് പദ്ധതിക്കായി കമ്പനി ലക്ഷ്യമിടുന്നത്.
പ്രവർത്തന രീതിയും പ്രയോജനങ്ങളും
ഏലൂർ ജില്ലയിലെ ചിന്തലപ്പുടി, റെച്ചർല ബ്ലോക്കുകളിലായി 313 കോടി ടണ്ണിലധികം കൽക്കരി ശേഖരമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഭൂമിക്കടിയിൽ 600 മീറ്ററിലധികം ആഴത്തിലുള്ള ഈ കൽക്കരിയെ രാസപ്രക്രിയയിലൂടെ ‘സിൻഗ്യാസ്’ (Syngas) ആക്കി മാറ്റി പൈപ്പുകൾ വഴി പുറത്തെടുക്കുകയാണ് ഈ സാങ്കേതികവിദ്യയിലൂടെ ചെയ്യുന്നത്. പരമ്പരാഗത രീതിയിലുള്ള ഖനനം ആവശ്യമില്ലാത്തതിനാൽ പരിസ്ഥിതിക്കും ഭൂമിക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങളും കുടിയൊഴിപ്പിക്കലുകളും പൂർണ്ണമായും ഒഴിവാക്കാനാകും.
തൊഴിലവസരങ്ങളും സാമ്പത്തിക നേട്ടവും
പദ്ധതി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ 5,000 പേർക്ക് നേരിട്ടും 35,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. കൂടാതെ, ഇന്ത്യയിൽ സാധാരണ രീതിയിൽ ഖനനം ചെയ്യാൻ കഴിയാത്ത 160 ബില്യൺ ടൺ കൽക്കരി നിക്ഷേപം പ്രയോജനപ്പെടുത്താനും രാജ്യത്തിന്റെ ഊർജ്ജ ഇറക്കുമതി കുറയ്ക്കാനും ഇത് സഹായിക്കും.
നിക്ഷേപ പദ്ധതിയും മുൻകരുതലുകളും
പ്രാരംഭ ഘട്ടത്തിൽ സാങ്കേതിക വിപണി പഠനങ്ങൾക്കായി 2026-2027 കാലയളവിൽ 3,000 കോടി രൂപയാണ് റിലയൻസ് നിക്ഷേപിക്കുന്നത്. ഭൂഗർഭജല മലിനീകരണ സാദ്ധ്യതകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ പരീക്ഷണ ഘട്ടത്തിൽ വിലയിരുത്തിയ ശേഷമായിരിക്കും ബാക്കി തുക വിനിയോഗിക്കുക.









