പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യ ഉൾപ്പെടെയുള്ള അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇന്ത്യയെ കൂടാതെ റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്കാണ് യുദ്ധം കലുഷിതമാക്കിയ ഈ പാതയിലൂടെ കടന്നുപോകാൻ അനുമതി നൽകിയിരിക്കുന്നത്.
ഇറാനിയൻ സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിട്ടില്ലെന്നും ഇറാനുമായി സൗഹൃദബന്ധം പുലർത്തുന്ന രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇതുവഴി യാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.പല കപ്പൽ ഉടമകളും വിവിധ രാജ്യങ്ങളും തങ്ങളെ ബന്ധപ്പെടുകയും കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തങ്ങൾ സൗഹൃദ രാജ്യങ്ങളായി കണക്കാക്കുന്നവർക്കും മറ്റ് പ്രത്യേക കാരണങ്ങളാൽ അനുമതി നൽകാൻ തീരുമാനിച്ചവർക്കും ഞങ്ങളുടെ സായുധ സേന സുരക്ഷിത പാത ഒരുക്കുന്നുണ്ട്,” അരാഗ്ചി പറഞ്ഞു.









