മുംബൈ: പണപ്പെരുപ്പ ആശങ്കകൾ നിലനിൽക്കുന്നതിനിടെ സാധാരണക്കാർക്കും സാമ്പത്തിക മേഖലയ്ക്കും ആശ്വാസമേകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) വീണ്ടും പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.25 ശതമാനമായി മാറ്റമില്ലാതെ നിലനിർത്താൻ ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ഇ.എം.ഐ തുകകളിൽ പെട്ടെന്ന് വർധനവുണ്ടാകില്ല. അതേസമയം ബാങ്ക് സ്ഥിരനിക്ഷേപകർക്ക് നിലവിലെ ഉയർന്ന പലിശനിരക്ക് തുടർന്നും ലഭിക്കുകയും ചെയ്യും.
പശ്ചിമേഷ്യൻ സംഘർഷങ്ങളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണം ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചതും വിതരണ ശൃംഖലയിലെ തടസ്സങ്ങളുമാണ് പലിശനിരക്ക് മാറ്റമില്ലാതെ നിർത്താൻ ആർ.ബി.ഐയെ പ്രേരിപ്പിച്ചത്. വരുന്ന മാസങ്ങളിൽ ചില്ലറപ്പണപ്പെരുപ്പം ഉയരാൻ സാധ്യതയുള്ളതിനാൽ കരുതൽ നടപടിയായാണ് ആർ.ബി.ഐ ‘ന്യൂട്രൽ’ നിലപാട് സ്വീകരിച്ചിരിക്കുന്നത്. വരുന്ന സാമ്പത്തിക വർഷത്തിൽ (FY27) രാജ്യത്തിന്റെ ജി.ഡി.പി വളർച്ച 6.6 ശതമാനമാകുമെന്നും ഉപഭോക്തൃ പണപ്പെരുപ്പം 5.1 ശതമാനമായി ഉയർന്നേക്കുമെന്നുമാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.
ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്ന് ആർ.ബി.ഐ വ്യക്തമാക്കി. പലിശനിരക്ക് കുറയാൻ സാധ്യതയുള്ള സാഹചര്യത്തിൽ ദീർഘകാല ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്ഥിരത പ്രയോജനപ്പെടുത്താം. ഉയർന്ന പലിശഭാരം കുറയ്ക്കാൻ ഫ്ലോട്ടിംഗ് റേറ്റ് വായ്പയെടുത്തവർ അധിക വരുമാനം ഉപയോഗിച്ച് വായ്പാ മുതൽ അടച്ചുതീർക്കുന്നതും കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്ന മറ്റ് ബാങ്കുകളിലേക്ക് ബാലൻസ് ട്രാൻസ്ഫർ ചെയ്യുന്നതും ഉചിതമായിരിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.









