തിരുവനന്തപുരം: സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദപ്രകടനവുമായി മന്ത്രി സി.പി. ജോൺ. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതിനാൽ വിഷയത്തിലെ തർക്കങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടിയിരുന്നു. തൻ്റെ പരാമർശത്തിൽ ആർക്കെങ്കിലും മനോവിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും, ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല ഈ വിശദീകരണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
പ്രിയദർശിനി ബസുകളിൽ സ്ത്രീകൾ തിക്കിത്തിരക്കി യാത്ര ചെയ്യുന്നുവെന്നും, കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുവെന്നുമുള്ള മന്ത്രിയുടെ പരാമർശമാണ് നേരത്തെ വൻ വിമർശനങ്ങൾക്ക് വഴിവെച്ചത്. വാർത്തകൾ പുറത്തുവന്നതോടെ വിവിധ മേഖലകളിൽ നിന്ന് മന്ത്രിക്കെതിരെ പ്രതിഷേധമുയർന്നിരുന്നു.
സൗജന്യ യാത്ര എന്നത് ആരുടെയും ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഇന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ധാരാളമുണ്ട്. അവർക്കൊരു ആശ്വാസമാണ് പ്രിയദർശിനി സർവീസുകൾ. ഇത് കെ.എസ്.ആർ.ടി.സി.ക്ക് സാമ്പത്തിക ബാധ്യത വരുത്തുന്നില്ല. ബസുകൾക്ക് പഴക്കമുണ്ടെന്ന കാര്യം സത്യമാണ്. തിരക്ക് കൂടുതലുള്ള ചുരം മേഖലകളിൽ കൂടുതൽ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.









