യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ് തുടരുമെന്ന് റിപ്പോർട്ട്


ന്യൂഡൽഹി: കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ ഒ.ജെ. ജനീഷ് തൽക്കാലം തുടരുമെന്ന് സൂചന. നിലവിലുള്ള കമ്മിറ്റിയുടെ കാലാവധിയായ ഡിസംബർ വരെ അദ്ദേഹത്തെ നിലനിർത്താനാണ് ഹൈക്കമാൻഡ് തീരുമാനം. അതിനുശേഷമുള്ള തെരഞ്ഞെടുപ്പ് അല്ലെങ്കിൽ പുനഃസംഘടന എന്ന കാര്യത്തിൽ പിന്നീട് ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും. കെപിസിസി പ്രസിഡന്റിനൊപ്പം യൂത്ത് കോൺഗ്രസിനും പുതിയ നേതൃത്വം വരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കം.

അതേസമയം, കെപിസിസി പുതിയ പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് വീണ്ടും നീളുകയാണ്. പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച ശേഷമേ കേരളത്തിലെ നേതൃമാറ്റത്തിൽ ചർച്ചകൾ നടക്കൂ. നിലവിൽ സണ്ണി ജോസഫാണ് അധ്യക്ഷ സ്ഥാനത്തുളളത്. എന്നാൽ അധ്യക്ഷ പദവിയിലേക്ക് യോജിച്ച ഒരൊറ്റ പേരിലേക്ക് എത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.
നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും സംഘടന വിഷയങ്ങളിൽ ചർച്ചകൾ സജീവമാകുക. ഇതിനായി കേരളത്തിൽ നിന്നുള്ള നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കും. പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ വൈകുന്നത് പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളിലെ ഏകോപനത്തെ ബാധിക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.









