ദുബായിൽ വൻ സ്ഫോടനമെന്ന വാർത്തകൾ വ്യാജം; വർക്ക്‌ഷോപ്പിലെ തീപിടിത്തം വളച്ചൊടിച്ചതെന്ന് അധികൃതർ

ദുബായ്: ദുബായ് സൗത്ത് മേഖലയിൽ നടന്ന തീപിടിത്തത്തിന്റെ മറവിൽ സോഷ്യൽ മീഡിയയിലും ചില വിദേശ മാധ്യമങ്ങളിലും നടക്കുന്ന വ്യാജ പ്രചാരണങ്ങൾ തള്ളി അധികൃതർ. പ്രമുഖ തുറമുഖങ്ങളിലോ ഗ്യാസ് പ്ലാന്റുകളിലോ വൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്നു എന്ന രീതിയിലാണ് പ്രചാരണങ്ങൾ ഉയർന്നത്. എന്നാൽ ചൊവ്വാഴ്ച രാത്രി ഒരു വർക്ക്‌ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ഏതാനും ട്രക്കുകളും കാരവാനുകളും കത്തിയമരുക മാത്രമാണ് ചെയ്തതെന്ന് ദുബായ് സിവിൽ ഡിഫൻസിനെ ഉദ്ധരിച്ച് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആളപായമൊന്നുമില്ല. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ദൃശ്യങ്ങളും പഴയ വീഡിയോകളും ഉപയോഗിച്ചാണ് സോഷ്യൽ മീഡിയയിലൂടെ ദുബായിൽ ഭീതി പടർത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചത്.

മുമ്പും സമാനമായ രീതിയിൽ ദുബായിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, വിമാനത്താവളങ്ങൾ അടച്ചു എന്നിങ്ങനെയുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളിൽ ഭൂരിഭാഗവും രാജ്യത്തിന് പുറത്തുനിന്നാണ് പ്രവർത്തിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ നിയമനടപടികൾ ശക്തമാക്കിയിട്ടുണ്ട്.

Top News from last week.