റിപ്പബ്ലിക് ദിനാഘോഷം:പരേഡ് റിഹേഴ്‌സല്‍ 21 മുതല്‍

കണ്ണൂർ : രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള പരേഡിന്റെ റിഹേഴ്‌സല്‍ ജനുവരി 21ന് തുടങ്ങും. 21, 23 തീയതികളില്‍ ഉച്ചക്ക് ശേഷം റിഹേഴ്‌സലും 24ന് രാവിലെ ഡ്രസ്സ് റിഹേഴ്‌സലും നടക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
റിഹേഴ്‌സലിനും പരേഡിനും എത്തുന്ന കുട്ടികള്‍ക്ക് ബസുകളില്‍ പാസ് അനുവദിക്കണമെന്ന് കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ വിപുലമായ രീതിയിലാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ആഘോഷം നടക്കുക. പൊലീസ്, ജയില്‍, എക്സൈസ്, വനം വകുപ്പ്, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എസ്പിസി, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവയുടെ 35 പ്ലാറ്റൂണുകളും ഡിഎസ്സി സെന്ററിന്റെ ബാന്‍ഡ് മേളവും അണിനിരക്കും. വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പത്തിലേറെ ഫ്‌ളോട്ടുകളും പരേഡിനെ ആകര്‍ഷകമാക്കും.
പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി ഹരിത ചട്ടപ്രകാരമാണ് ചടങ്ങുകള്‍ നടക്കുക. യോഗത്തില്‍ എഡിഎം കെ കെ ദിവാകരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Top News from last week.