നവകേരള യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിലെ കേസ് ഡയറി അട്ടിമറിച്ചെന്ന ആരോപണത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഡി.ജി.പിക്ക് വിശദീകരണം നൽകി. അന്വേഷണ ഉദ്യോഗസ്ഥരെ പ്രത്യേകമായി വിളിച്ചുവരുത്തി കണ്ടിട്ടില്ലെന്നും റിപ്പോർട്ട് സമർപ്പിക്കുന്ന സമയത്ത് താൻ വയനാട്ടിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിന് തെളിവായി യാത്രാവിവരങ്ങൾ കൈമാറിയ എ.ഡി.ജി.പി, വിശദമായ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ എ.ഡി.ജി.പിയുടെ പൂർണ്ണ അറിവോടെ ഗ്രേഡ് എസ്.ഐ മാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മുൻ അന്വേഷണസംഘം എസ്.ഐ.ടിക്ക് മൊഴി നൽകിയിട്ടുണ്ട്. വിഷയത്തിൽ എ.ഡി.ജി.പിയുടെ പങ്ക് വ്യക്തമാക്കിക്കൊണ്ട് എസ്.ഐ.ടി പുതുക്കിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിക്കുകയും ചെയ്തു. ഇതിനിടെ അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നുണ്ടോ എന്ന സംശയവും ആരോപണവും കോൺഗ്രസ് വിഭാഗം ഉയർത്തുന്നുണ്ട്.









