Advertisement
Advertisement
Tuesday, September 15, 2026
Kerala

പാലക്കയം തട്ടിലെ റിസോർട്ട് നിർമ്മാണം: ദുരന്തസാധ്യത ചൂണ്ടിക്കാട്ടി ജില്ലാ പരിസ്ഥിതി സമിതി

Advertisement
Advertisement

കണ്ണൂർ: പാലക്കയം തട്ടിലെ മലഞ്ചെരുവിൽ നിർമ്മാണം പുരോഗമിക്കുന്ന ഹോട്ടൽ സ്കൈ വ്യൂ ഇന്റർനാഷണൽ റിസോർട്ടിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി. കെട്ടിട നിർമ്മാണം പ്രദേശത്ത് വലിയ പാരിസ്ഥിതികവും ഭൗമശാസ്ത്രപരവുമായ അപകടസാധ്യത സൃഷ്ടിക്കുന്നതായും അടിയന്തരമായി ഉന്നതതല വിദഗ്ധ പരിശോധന നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

Advertisement

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ കണ്ണൂർ ജില്ലാ കലക്ടർക്ക് സമിതി നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. DCKNR/7904/14.8.26-H1 എന്ന സൂചിക പ്രകാരമുള്ള പരാതിയിൽ, നിർമ്മാണം നിർത്തിവെക്കാൻ ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതായി ആരോപിക്കുന്നു.

പ്രദേശവാസികളുടെ അഭ്യർത്ഥനയെ തുടർന്ന് ജില്ലാ പരിസ്ഥിതി സമിതിയുടെ വസ്തുതാന്വേഷണ സംഘം ആഗസ്റ്റ് 20ന് പാലക്കയം തട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും പരാതിയിൽ പറയുന്നു.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിലുള്ള പാലക്കയം തട്ട് പാരിസ്ഥിതികമായി ലോലമായ പ്രദേശമാണെന്നും പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടെ അപൂർവയിനം സസ്യജാലങ്ങളും പക്ഷികളും ഉൾപ്പെടെ സമ്പന്നമായ ജൈവവൈവിധ്യമുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. മണ്ണിന്റെ ഘടനയും പാറകളുടെ സ്വഭാവവും കണക്കിലെടുക്കുമ്പോൾ ശക്തമായ നീരൊഴുക്കിലും മഴയിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉൾപ്പെടെയുള്ള ഭൗമദുരന്തങ്ങൾക്ക് സാധ്യതയുള്ള പ്രദേശമാണെന്നും പരാതിയിൽ പറയുന്നു.

 

സ്റ്റോപ്പ് മെമ്മോ അവഗണിച്ചെന്ന് ആരോപണം

 

പരിശോധനാ സമയത്ത് ജില്ലാ കലക്ടറുടെ സ്റ്റോപ്പ് മെമ്മോ നിലവിലുണ്ടായിരുന്നിട്ടും റിസോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതായി സമിതി ആരോപിച്ചു. കെട്ടിടത്തിന്റെ നാല് നിലകളുടെ ഘടന പൂർത്തിയായതായും അതിന് മുകളിലായി വ്യൂ പോയിന്റിനായി മൂന്ന് നിലകൾ കൂടി നിർമ്മിച്ചുവരുന്നതായും പരാതിയിൽ പറയുന്നു.

 

കെട്ടിടത്തിന്റെ താഴത്തെ ഭാഗത്ത് വൻതോതിലുള്ള ജലസംഭരണി നിർമ്മിച്ചിട്ടുണ്ടെന്നും അതിൽ വലിയ അളവിൽ വെള്ളം സംഭരിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടതായും സമിതി പറയുന്നു. പ്രകൃതിദത്ത ഉറവയിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും പരാതിയിൽ പറയുന്നു.

 

വലിയ ജലസംഭരണി മലഞ്ചെരുവിലെ മണ്ണിൽ അധിക മർദ്ദം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നും ഭൗമദുരന്തമുണ്ടായാൽ ഇത് ഗുരുതരമായ അപകടമായി മാറാൻ സാധ്യതയുണ്ടെന്നും സമിതി മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളും എമർജൻസി എക്സിറ്റും മതിയായ രീതിയിൽ ഒരുക്കിയിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

 

നൂറിലധികം പേർക്ക് താമസസൗകര്യമെന്ന് ആരോപണം

 

രണ്ടാം, മൂന്നാം, നാലാം നിലകളിൽ ആഡംബര സ്യൂട്ടുകൾ ഒരുക്കിവരുന്നതായും ചുരുങ്ങിയത് നൂറോളം പേർക്ക് താമസിക്കാനുള്ള സൗകര്യമുള്ളതായി പരിശോധനയിൽ ബോധ്യപ്പെട്ടതായും സമിതി പറയുന്നു. പരിശോധനാ സമയത്ത് മുറികളുടെ ഫർണിഷിംഗ്, ടൈൽ പാകൽ തുടങ്ങിയ ജോലികൾ നടന്നുകൊണ്ടിരുന്നതായും പരാതിയിൽ പറയുന്നു.

 

കെട്ടിടത്തിലെ ഇടനാഴികളും കോണിപ്പടികളും വളരെ ഇടുങ്ങിയതാണെന്നും നിയമാനുസൃത അളവുകൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. നാലാം നിലയുടെ ടെറസിൽ നീന്തൽക്കുളത്തിനായി ഉപയോഗിക്കാവുന്ന തരത്തിലുള്ള നിർമ്മിതിയും കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. വിവിധ നിലകളിലേക്കും വ്യൂ പോയിന്റുകളിലേക്കും എത്തുന്നതിനായി ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ.

 

മലഞ്ചെരിവ് സുരക്ഷ സംബന്ധിച്ച് ആശങ്ക

 

റിസോർട്ട് കെട്ടിടത്തിന്റെ പിന്നിലുള്ള മലഞ്ചെരിവിൽ 90 ഡിഗ്രിയോളം കുത്തനെ മണ്ണും പാറകളും നീക്കം ചെയ്താണ് നിർമ്മാണം നടത്തിയിരിക്കുന്നതെന്നാണ് സമിതിയുടെ ആരോപണം. പൊതുറോഡിൽ നിന്ന് കെട്ടിടം നിയമാനുസൃത അകലം പാലിച്ചിട്ടുണ്ടോയെന്നും ഉയരത്തിനനുസരിച്ചുള്ള തുറസ്സായ സ്ഥലം ഉറപ്പാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

 

കെട്ടിടത്തിന് മുന്നിൽ പാർക്കിംഗ് ഏരിയയ്ക്കായി മലയുടെ ഒരു ഭാഗം കുത്തനെ വെട്ടിനീക്കി കോൺക്രീറ്റ് മതിൽ നിർമ്മിച്ചുവരുന്നതായും ഇത് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്കയും സമിതി പ്രകടിപ്പിച്ചു.

 

ഏകദേശം 80 ഡിഗ്രിയോളം ചെരിവുള്ള സ്ഥലത്താണ് റിസോർട്ട് നിർമ്മിച്ചിരിക്കുന്നതെന്നും ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ നിർമ്മാണത്തിന് മുമ്പ് ഉന്നത വിദഗ്ധ സ്ഥാപനങ്ങളുടെ ജിയോ ടെക്നിക്കൽ പഠനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കേരള ഹൈക്കോടതിയുടെ WP(C) 27562/2024 കേസിലെ നിർദേശങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

താഴ്‌വരയിലെ ആദിവാസി ജനവാസ കേന്ദ്രങ്ങൾക്കും ഭീഷണിയെന്ന് ആരോപണം

 

റിസോർട്ടിന് താഴെയുള്ള കുത്തനെയുള്ള ചെരിവിൽ കോട്ടയംതട്ട് ഉന്നതിയും പുല്ലുവനം ഉന്നതിയും ഉൾപ്പെടെ രണ്ട് പട്ടികവർഗ ജനവാസ കേന്ദ്രങ്ങളുണ്ടെന്നും മലഞ്ചെരുവിൽ ഭൗമദുരന്തമുണ്ടായാൽ ഇവിടങ്ങളെയും താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

 

റിസോർട്ട് പ്രവർത്തനം ആരംഭിച്ചാൽ സർക്കാർ ടൂറിസം കേന്ദ്രത്തിലെ നിലവിലുള്ള വ്യൂ പോയിന്റുകളുടെ കാഴ്ച മറയാനും സർക്കാർ ടൂറിസം സംവിധാനത്തിന്റെ വരുമാനത്തെ ബാധിക്കാനും സാധ്യതയുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

 

അടിയന്തര പരിശോധന ആവശ്യപ്പെട്ടു

 

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി സ്ഥലം നേരിട്ട് സന്ദർശിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കോടതികളുടെ വിധികളും വിദഗ്ധ നിർദേശങ്ങളും പരിഗണിച്ച് ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ച് സമഗ്രമായ പഠനം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

പഠനം പൂർത്തിയാകുന്നതുവരെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമ്മാണം തുടരുന്നുണ്ടെങ്കിൽ തൊഴിലാളികളെയും സൂപ്പർവൈസർമാരെയും ഒഴിപ്പിച്ച് കെട്ടിടം പൂട്ടി സീൽ ചെയ്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിൽ സൂക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

 

കെട്ടിടത്തിന് നിർമ്മാണാനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വിഭാഗത്തിന്റെ എൻ.ഒ.സി. ലഭിച്ച സാഹചര്യം എന്നിവയും പരിശോധിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സർക്കാർ കൈവശമുള്ള ഭൂമി റിസോർട്ട് നിർമ്മാണത്തിനായി കൈയേറിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ സർവേ നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ജില്ലാ പരിസ്ഥിതി സമിതി വസ്തുതാന്വേഷണ സംഘത്തിനുവേണ്ടി അഡ്വ. വിനോദ് പയ്യട, സി. വിശാലാക്ഷൻ, അഡ്വ. വി. ദേവദാസ്, രാജൻ കോരമ്പേത്ത് എന്നിവരാണ് പരാതി നൽകിയത്.

Advertisement
Advertisement
Advertisement
Advertisement
Advertisement