വാഷിങ്ടണ്‍: യുഎസില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് പഠനം. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി നടത്തിയ പഠനത്തിലാണ് 2025 ജനുവരി മുതല്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയത്. രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 7,35,000 പേരുടെ കുറവുണ്ടായെന്ന് പഠനത്തില്‍ കണ്ടെത്തി. കൂടാതെ, ഈ കാലയളവില്‍ 1.7 മില്യണ്‍ കുടിയേറ്റ തൊഴിലാളികള്‍ യുഎസ് പേറോള്‍ പട്ടികയില്‍നിന്ന് പുറത്തായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും എച്ച്1ബി വിസകള്‍ പുതുക്കുന്നതിനുള്ള തടസ്സങ്ങളും മറ്റുമാണ് വിദേശ തൊഴിലാളികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഇത് അമേരിക്കയുടെ സാമ്പത്തിക ഭാവിക്കും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കും വെല്ലുവിളിയാകുമെന്നും വിദഗ്ധരെ ഉദ്ധരിച്ച് ഫിനാഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ മാസത്തിലെ തൊഴില്‍ കണക്കുകള്‍ പ്രകാരം 73,000 തസ്തികകള്‍ മാത്രമാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. മുന്‍ മാസങ്ങളിലെ കണക്കുകളില്‍ 2,58,000 തൊഴിലവസരങ്ങള്‍ കുറഞ്ഞതായും കാണുന്നു. ജൂലൈ മാസത്തില്‍ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായി ഉയര്‍ന്നു. 27 ആഴ്ചയില്‍ കൂടുതല്‍ തൊഴിലില്ലാത്തവരുടെ എണ്ണം 1.83 മില്യണ്‍ ആയി വര്‍ധിച്ചു.












