ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പ്; ഗാസയില്‍ കൊല്ലപ്പെട്ടത് 85 പേര്‍

ഗാസ: ഗാസയില്‍ വീണ്ടും നിരപരാധികളുടെ രക്തം വീഴ്ത്തി ഇസ്രായേല്‍ ആക്രമണം.സഹായം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 85 പേരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 21 മാസത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് ഞായറാഴ്ച ഗാസയില്‍ ഉണ്ടായത്. ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ കാത്തിരിക്കുന്നവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് 85 പേര്‍ മരിച്ചത്.

വിവിധയിടങ്ങളിലെ സഹായവിതരണകേന്ദ്രങ്ങളില്‍ ഞായറാഴ്ചയുണ്ടായ ആക്രമണങ്ങളിലാണ് ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ടത്. ഗാസ ആരോഗ്യ മന്ത്രാലയമാണ് മരണസംഖ്യ പുറത്തുവിട്ടത്. ഗാസയുടെ വടക്കന്‍ മേഖലയിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. നൂറിലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും ആരോഗ്യനില മോശമായതിനാല്‍ മരണസംഖ്യ വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്.

സികിം അതിര്‍ത്തിവഴി വടക്കന്‍ ഗാസയിലേക്ക് സഹായവുമായെത്തിയ യുഎന്നിന്റെ ട്രക്കുകള്‍ക്ക് സമീപത്തേക്ക് ഓടിക്കൂടിയവര്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം വെടിവെപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ മാത്രം 79 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 25 ട്രക്കുകളിലായിട്ടായിരുന്നു ഭക്ഷണസാധനങ്ങള്‍ ഇവിടേക്ക് എത്തിച്ചത്. വലിയ ജനക്കൂട്ടം പ്രദേശത്തുണ്ടായിരുന്നു.

ഇസ്രായേല്‍ സൈന്യം ഭക്ഷണവിതരണ വാഹനവ്യൂഹത്തില്‍ നിന്ന് ഭക്ഷണം എടുക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഒരു യുഎന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുറത്തുവന്ന ദൃശ്യങ്ങളില്‍ പലസ്തീന്‍കാര്‍ വെടിയൊച്ച കേട്ട് ഓടുന്നതു കാണാം.

ഇസ്രായേല്‍ സൈന്യം ഗാസയുടെ മധ്യഭാഗത്ത് നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത് പുതിയ ആശങ്കകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ഇവിടെ സൈന്യം സാധാരണയായി ഗ്രൗണ്ട് ട്രൂപ്പുകളുമായി പ്രവര്‍ത്തിക്കാറില്ല. പല അന്താരാഷ്ട്ര സംഘടനകളും ഇവിടെയാണ് സഹായം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നത്. ചില ഓഫീസുകള്‍ ഉടന്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചില്ല.

വിശക്കുന്ന ജനങ്ങള്‍ക്കായി 25 ട്രക്കുകളില്‍ സഹായം എത്തിച്ചു’ എന്നാണ് യുഎന്‍ പറയുന്നത്. ഇവിടെ നടത്തിയ വെടിവെപ്പിലാണ് ഇത്രയധികം മരണങ്ങും റിപ്പോര്‍ട്ട് ചെയ്തത്. മെയ് മുതല്‍ ഇസ്രായേലിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫണ്ടിന്റെ ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ക്കടുത്ത് ഇസ്രായേല്‍ സൈന്യം പലതവണ വെടിവെപ്പ് നടത്തിയിരുന്നു. അതില്‍ 800 ലേറെപ്പേര്‍ മരിച്ചെന്നാണ് യുഎന്‍ കണക്ക്.

 

Top News from last week.