ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരുവ ഇരുട്ടടി തുടരുന്നതിനിടെ ചൈനയുമായി കൂടുതലടുക്കാന്‍ ഇന്ത്യ. കൊവിഡ്-19 പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വൈകാതെ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്.
എയര്‍ ഇന്ത്യ , ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളോട് ചൈനയിലേക്ക് നേരിട്ടുള്ള സര്‍സീന് തയാറെടുക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ – ചൈന നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയമോ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോ (ഡിജിസിഎ), പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയോ സ്ഥിരീകരണം നടത്തിയിട്ടില്ല.









