ഇന്ന് ലോക സൈക്കിൾദിനം. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലാണ് ദിനാചരണം. ലോകത്തെ ഏറ്റവും ലളിതവും ആരോഗ്യകരവുമായ യാത്രമാർഗങ്ങളിൽ ഒന്നായ സൈക്കിളിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം.
ലോകത്ത് ഏറ്റവും ലളിതമായ യാത്രാമാർഗങ്ങളിൽ ഒന്നാണ് സൈക്കിൾ. ചെലവുകുറഞ്ഞതും അപകടസാധ്യത കുറഞ്ഞതുമായ സൈക്കിൾ സവാരി ഏത് പ്രായക്കാർക്കും എളുപ്പം പഠിക്കാൻ കഴിയും. കാർബൺ ബഹിഷ്‌കരണം ഇല്ലാത്ത, അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത ഏക ഇരുചക്രവാഹനം എന്ന നിലയിലും സൈക്കിളിന്റെ പ്രസക്തി ഏറുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരമായും നഗരങ്ങളിൽ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നു.
ആരോഗ്യസംരക്ഷണത്തിനുള്ള പ്രധാനമാർഗങ്ങളിൽ ഒന്നായും സൈക്കിളിന് പ്രാധാന്യമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലാണ് ആദ്യമായി സൈക്കിൾ നിർമിച്ചത്. മരം കൊണ്ടുള്ള പെഡലോ ചെയിനോ ഗിയറോ ഇല്ലാത്ത സൈക്കിളിന് രൂപം നൽകിയത് ബാരൺ കാൾ വോൺഡ്രെയിസാണ്.
കാലം മാറുന്തോറും പല മോഡലുകളിൽ സൈക്കിളുകൾ നിരത്തിലിറങ്ങി. സാങ്കേതികവിദ്യയുടെ പുരോഗതിയും സാമ്പത്തിക വ്യവസ്ഥയിലുണ്ടായ വികസനവും സൈക്കിളിൽ നിന്ന് മുന്തിയ ഇനം വാഹനങ്ങളിലേക്ക് മാറാൻ സാധാരണക്കാർക്കുപോലും സൌകര്യം ഒരുക്കി. എന്നാൽ വ്യായാമത്തിനും ആരോഗ്യപരിപാലനത്തിനുമായി ദിവസവും സൈക്കിൾ ചവിട്ടുന്നവരുണ്ട്. മെട്രോനഗരങ്ങളിൽ സൈക്കിൾ യാത്രക്കായി പ്രത്യേകം പാതകളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട്









