കൊച്ചി: ആരോപണനിഴലിൽ നിൽക്കുന്ന ഉദ്യോഗസ്ഥന് ഡി.ജി.പി ആയി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഹർജി നിലനിൽക്കെ തന്നെ തീരുമാനമെടുക്കാൻ കാട്ടിയ തിടുക്കമെന്താണെന്ന് ചോദിച്ച കോടതി, നടപടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി.
എ.ഡി.ജി.പി പദവിയിലുള്ളയാൾക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകുമ്പോൾ പാലിക്കേണ്ട വിജിലൻസ് ക്ലിയറൻസ് ഇവിടെ ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻകൂട്ടി അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് ജയിൽമേധാവിയായ എസ്. ശ്രീജിത്തിന് ഡി.ജി.പിയായി ഉയർത്തിക്കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
നവകേരള സദസ്സിനിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ നടത്തുന്ന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ സസ്‌പെൻഷനിലായതാണ് ശ്രീജിത്തിന് അനുകൂലമായത്. പ്രൊമോഷൻ ലഭിച്ചെങ്കിലും ജയിൽ മേധാവിയുടെ പദവിയിൽ തന്നെയാകും എസ്. ശ്രീജിത്ത് തുടർന്നും പ്രവർത്തിക്കുക.








