ശബരിമല സ്വർണപ്പാളി വിവാദം; അടിയന്തര പ്രമേയം അനുവദിക്കാതെ സ്പീക്കർ, വാക്ക് ഔട്ട് നടത്തി പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല വിഷയം നിയമസഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല. ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വർണ്ണപാളി അനുമതിയില്ലാതെ കൊണ്ടുപോയതും സ്വർണ്ണപ്പാളിയുടെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്ന് കണ്ടെത്തിയത് വിശ്വാസ സമൂഹത്തിൽ കടുത്ത ആശങ്ക ഉണ്ടാക്കി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതിരിപ്പിക്കാനും ചർച്ച നടത്താനും അനുമതി ആവശ്യപ്പെട്ടത്. എന്നാൽ സ്പീക്കർ അടിയന്തര പ്രമേയം അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി.

 

വിഷയം കേരള ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണെന്നും നോട്ടീസ് പരിഗണിക്കാനാകില്ലെന്നുമാണ് സ്പീക്കർ പറഞ്ഞത്. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളിൽ മുൻപ് അടിയന്തര പ്രമേയ നോട്ടീസ് വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തിന് കൊതിക്കെറുവെന്നാണ് എംബി രാജേഷ് പറയുന്നത്. അയ്യപ്പ സംഗമം കലക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും അതിൻറെ അതൃപ്തിയാണ്, കോടതിയിലിരിക്കുന്ന കാര്യം മനപൂർവ്വം കൊണ്ട് വന്ന് ബഹളമുണ്ടാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

 

എന്നാൽ ശബരിമലയോട് സർക്കാർ അവഗണന തുടരുകയാണെന്നും ഇക്കാര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നോട്ടീസ് നൽകിയിരുന്നത്. നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. കേസ് ഈ മാസം മുപ്പതിന് വീണ്ടും പരിഗണനക്ക് വരുന്നുണ്ടെന്നും ഇന്നത് ചർച്ച ചെയ്‌തെങ്കിൽ കഴിഞ്ഞ മൂന്ന് ദിവസത്തേക്കാൾ പരിഹാസ്യരായി പ്രതിപക്ഷത്തിന് ഇറങ്ങി പോകേണ്ടി വന്നേനെ എന്നും പി രാജീവ് പറഞ്ഞു.

Top News from last week.

Latest News

More from this section