കൊച്ചി: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടി. 13 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് പ്രതികളെ ഹാജരാക്കിയപ്പോൾ കൊല്ലം വിജിലൻസ് കോടതിയാണ് ആഗസ്റ്റ് 19 വരെ റിമാൻഡ് നീട്ടിയത്. നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലാണ് ഇരുപതിലധികം ദിവസമായി പ്രതികൾ കഴിയുന്നത്. കഴിഞ്ഞ ജൂലൈ 23-നായിരുന്നു കേസിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2019-ൽ നടന്ന സ്വർണക്കൊള്ളയെക്കുറിച്ചുള്ള വസ്തുതകൾ പുറത്തുവരാതിരിക്കാൻ, പി.എസ്. പ്രശാന്ത് അധ്യക്ഷനായ ബോർഡ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ തങ്കപ്പാളികൾ സ്മാർട്ട് ക്രിയേഷൻസ് എന്ന ചെന്നൈയിലെ സ്ഥാപനത്തിന് നൽകുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതിരുന്നത് വെറുമൊരു സാങ്കേതിക വീഴ്ച മാത്രമാണെന്നായിരുന്നു പ്രശാന്തിന്റെ വാദം. എന്നാൽ, കൃത്യമായ ഗൂഢാലോചന കേസിലുണ്ടെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘം ഈ വാദങ്ങൾ തള്ളിക്കളയുകയും ഇരുവരുടെയും അറസ്റ്റിലേക്ക് കടക്കുകയുമായിരുന്നു.









