സജി ചെറിയാന് ന്യൂയർ സമ്മാനം,വീണ്ടും മന്ത്രിസഭയിലേക്ക് തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ

തിരുവനന്തപുരം : ഭരണഘടന വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെക്കൊണ്ടുവരാനുള്ള തീരുമാനം. കോടതി ക്ലീൻചിറ്റ് നൽകിയതിന്റെ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.അടുത്ത നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. പഴയ വകുപ്പുകൾ തന്നെയായിരിക്കും സജി ചെറിയാന് നൽകുക. ഗവർണറുടെ സൗകര്യംകൂടി പരിഗണിച്ച് സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുമെന്നാണ് വിവരം.

ജൂലായ് മൂന്നിന് സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. 50 മിനിട്ട് 12 സെക്കൻഡാണ് സജി ചെറിയാൻ പ്രസംഗിച്ചത്. ഇതിൽ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമർശം ഉണ്ടായത്. ഇത് പിന്നീട് വിവാദമാകുകയും സജി ചെറിയാൻറെ രാജിയിലേക്ക് നീങ്ങുകയുമായിരുന്നു.പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു. തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചുവന്നപ്പോൾ വിമർശനാത്മകമായി ഭരണഘടനയെ പരാമർശിക്കുകയായിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്.

പ്രസംഗത്തിൽ മനപ്പൂർവം ഭരണഘടനയെ അവഹേളിക്കാൻ സജിചെറിയാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പോലീസ് അപേക്ഷയിൽ പറഞ്ഞിരുന്നത്. സജി ചെറിയാനെതിരായ കേസ് നിലനിൽക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ, കേസ് അവസാനിപ്പിക്കാൻ പോലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മാത്രമല്ല, കേസിൽ പരാതിക്കാരന് നോട്ടീസ് അയച്ചിരിക്കുകയുമാണ്.

Top News from last week.

Latest News

More from this section