റെക്കോർഡുകൾ തകർത്തെറിഞ്ഞ് സാംസങ് ഗാലക്‌സി ഇസഡ് 8 സീരീസ്:ദക്ഷിണ കൊറിയയിൽ വൻ പ്രീ-ബുക്കിങ് നേട്ടം


ഉയർന്ന വിലയെപ്പോലും അപ്രസക്തമാക്കി ദക്ഷിണ കൊറിയൻ വിപണിയിൽ ചരിത്ര മുന്നേറ്റവുമായി സാംസങ്ങിന്റെ പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ ശ്രേണി. ഗാലക്‌സി ഇസഡ് ഫോൾഡ് 8, ഫോൾഡ് 8 അൾട്ര, ഇസഡ് ഫ്ലിപ്പ് 8 എന്നീ മോഡലുകൾ ചേർന്ന് ആകെ 14.4 ലക്ഷം പ്രീ-ബുക്കിങുകളാണ് സ്വന്തമാക്കിയത്. മുൻവർഷങ്ങളിലെ ജനപ്രിയ മോഡലുകളായ ഗാലക്‌സി നോട്ട് 10, ഈ വർഷം ഇറങ്ങിയ എസ് 26 എന്നിവയുടെ വിൽപ്പന റെക്കോർഡുകളാണ് ഇതോടെ തകർന്നടിഞ്ഞത്.

ഡിസൈനിലെ മാറ്റം വഴിത്തിരിവായി
പുതിയ മോഡലുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ഗാലക്‌സി ഇസഡ് ഫോൾഡ് 8 ആണ്; ആകെ ബുക്കിങിന്റെ 70 ശതമാനത്തോളം ഈ മോഡലാണ് കൈയടക്കിയത്. ഫോണിന്റെ പരമ്പരാഗതമായ നീളമുള്ള രൂപകൽപ്പനയ്ക്ക് പകരം കൂടുതൽ വീതിയുള്ള പുതിയ ഡിസൈൻ അവതരിപ്പിച്ചതാണ് ഉപഭോക്താക്കളെ പ്രധാനമായും ആകർഷിച്ചത്. മടക്കിവെച്ചിരിക്കുമ്പോൾ സാധാരണ സ്മാർട്ട്‌ഫോൺ പോലെയും തുറക്കുമ്പോൾ ടാബ്‌ലെറ്റ് പോലെയും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നത് ഇതിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു.
മടങ്ങിവരവിൽ പുതിയ ചരിത്രം
കഴിഞ്ഞ കുറച്ചുകാലമായി ഫോൾഡബിൾ ഫോണുകളുടെ വിൽപ്പനയിലുണ്ടായ മന്ദതയ്ക്ക് ഇതോടെ പരിഹാരമായി. ഗാലക്‌സി ഇസഡ് 6 സീരീസിന് ഒൻപത് ലക്ഷത്തോളവും ഇസഡ് 7 സീരീസിന് പത്തുലക്ഷത്തിലധികവും പ്രീ-ബുക്കിങ് ലഭിച്ച സ്ഥാനത്താണ്, ഇസഡ് 8 സീരീസിലൂടെ സാംസങ് എക്കാലത്തെയും മികച്ച നേട്ടം കൊയ്തിരിക്കുന്നത്. ഫോൾഡബിൾ വിപണിയിൽ കമ്പനിയുടെ സർവാധിപത്യം ഉറപ്പിക്കുന്നതാണ് ഈ വൻ ജനപ്രീതി.









