ബാഗ്ദാദ്: സൗദി അറേബ്യയ്ക്ക് നേരെ ഇറാഖിലെ ഇറാൻ പിന്തുണയുള്ള സംഘടനകൾ ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഇറാഖ്. സൗദി പ്രതിരോധ മന്ത്രാലയം ഉന്നയിച്ച ഗുരുതരമായ വിഷയത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾക്ക് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി നിർദ്ദേശം നൽകി. ഈ കാര്യം ഔദ്യോഗിക പ്രസ്താവനയിലൂടെ വക്താവ് സബാഹ് അൽ നുമാൻ വ്യക്തമാക്കുകയായിരുന്നു.
അതേസമയം, സൗദിയുടെ വാദങ്ങളെ പൂർണ്ണമായും നിഷേധിച്ച് ഇറാഖിലെ ഇറാൻ അനുകൂല ഷിയാ സായുധ കൂട്ടായ്മയായ ‘ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങൾ കേവലം വ്യാജമാണെന്ന് വ്യക്തമാക്കിയ സംഘടന, യമനിൽ നേരിട്ട തിരിച്ചടികളിൽ നിന്നും പരാജയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സൗദി ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് കുറ്റപ്പെടുത്തി. ഇതോടൊപ്പം, ഇറാഖിനെതിരെ മുൻകരുതലില്ലാതെ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾക്ക് സൗദി തുനിഞ്ഞാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അവർ മുന്നറിയിപ്പും നൽകി. വിഷയം മേഖലയിൽ വലിയ രീതിയിലുള്ള നയതന്ത്ര, സുരക്ഷാ അനിശ്ചിതത്വങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.









