സവർക്കറെ ചൊല്ലി സംസ്ഥാനത്ത് വീണ്ടും വിവാദം ചൂടേറുന്നു കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിലെ സവർക്കർ പരാമർശത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വാതന്ത്ര്യസമരവുമായി സവർക്കർക്ക് യാതൊരു ബന്ധവുമില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
ദേശീയ സ്വാതന്ത്ര്യ സമരവുമായി സവർക്കർക്ക് ഒരു ബന്ധവുമില്ല. ആറ് തവണ മാപ്പ് എഴുതിക്കൊടുത്ത വ്യക്തിയാണ് സവർക്കർ. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ഒരു തരത്തിലും ബന്ധപ്പെടില്ല, നിങ്ങൾക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും പറയില്ല എന്ന് പറഞ്ഞുകൊണ്ട് പുറത്ത് വന്നയാളാണ് സവർക്കർ – അദ്ദേഹം വിശദമാക്കി.
വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ എന്നെഴുതിയ എസ്എഫ്ഐയുടെ ബാനറിലായിരുന്നു ഗവർണറുടെ വിമർശനം. സവർക്കർ എന്നാണ് രാജ്യത്തിന് ശത്രുവായി മാറിയതെന്ന് ഗവർണർ ചോദിക്കുകയായിരുന്നു. സവർക്കർ എങ്ങനെയാണ് രാജ്യശത്രു ആകുന്നത് ? സവർക്കർ എന്താണ് ചെയ്തത്? അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ചിന്തകൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈ സമൂഹത്തിന് അദ്ദേഹം എന്താണ് നൽകിയതെന്ന് മനസിലാകും. മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്കർ എല്ലാ കാലത്തും പ്രവർത്തിച്ചത്. വീടിനെയോ, വീട്ടുകാരെയോ കുടുംബത്തെ കുറിച്ചോ അല്ല. പകരം സമൂഹത്തെ കുറിച്ചാണ് സവർക്കർ എല്ലാ കാലത്തും ചിന്തിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്ത ആളാണ് – അദ്ദേഹം പറഞ്ഞു.
അതേസമയം, ഗവർണർക്ക് മറുപടിയുമായി എസ്എഫ്ഐയും രംഗത്തെത്തി. സവർക്കർ ആരായിരുന്നു എന്നറിയാൻ ചരിത്രം പഠിക്കണമെന്ന് എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വി പി സാനു പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ ബാനർ മുൻ ഗവർണറുടെ സമയത്ത് സ്ഥാപിച്ചതെന്നും വി പി സാനു പറഞ്ഞു.






