സവർക്കർ പരാമർശം: സർക്കാരിന്റെ അനുമതിയില്ല; രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി


ന്യൂഡൽഹി: വി.ഡി. സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽ നിന്ന് വൻ ആശ്വാസം. കേസ് മുന്നോട്ടുകൊണ്ടുപോകാൻ അത്യാവശ്യമായ യു.പി സർക്കാരിന്റെ മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് നടപടികൾ പൂർണ്ണമായി റദ്ദാക്കിയത്. ഇതോടെ ലക്നൗ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് ഉൾപ്പെടെയുള്ള ഉത്തരവുകൾ അസാധുവായി.

2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ സവർക്കറെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് വിശേഷിപ്പിച്ചു എന്ന് ആരോപിച്ച് ഒരു അഭിഭാഷകനാണ് ലക്നൗ കോടതിയിൽ കേസ് നൽകിയത്. ലക്നൗ സെഷൻസ് കോടതിയുടെ സമൻസിനെതിരെ രാഹുൽ നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതോടെയാണ് വിഷയം സുപ്രീം കോടതിയിലെത്തുന്നത്.
രൂക്ഷവിമർശനവും മുന്നറിയിപ്പും
കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ചരിത്രപരമായ വസ്തുതകൾ മനസ്സിലാക്കാതെ സവർക്കറെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് കോടതി താക്കീത് നൽകി. പൂർവ്വകാലത്ത് ബ്രിട്ടീഷുകാർക്ക് അയച്ച കത്തുകളിലെ ഭാഷ പ്രയോഗത്തിന്റെ പേരിൽ മാത്രം മഹാത്മാഗാന്ധി ഉൾപ്പെടെയുള്ളവരെ അധിക്ഷേപിക്കാൻ കഴിയില്ലെന്നും, രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി സവർക്കറെ പുകഴ്ത്തി കത്തെഴുതിയിട്ടുണ്ടെന്ന കാര്യവും കോടതി ഓർമ്മിപ്പിച്ചു.
ഇത്തരം പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. നൽകിയ വാഗ്ദാനം ലംഘിച്ചാൽ സ്വമേധയാ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും ഉയർന്ന കോടതി നൽകിയിട്ടുണ്ട്.









