പട്ടി ബിസ്‌ക്കറ്റിലും അഴിമതി, പുനർജനിയിൽ സതീശനെതിരായ അന്വേഷണം ആസൂത്രിത ഭരണകൂട വേട്ട: കെ എം ഷാജി

തിരുവനന്തപുരം : പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരായ അന്വേഷണം ആസൂത്രിത ഭരണകൂട വേട്ടയെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. അധികാരികളുടെ മുൻപിൽ മുട്ടുമടക്കാത്തവർക്കെതിരെയാണ് അന്വേഷണ ഏജൻസികൾ. വിദേശ ഫണ്ട് ഉപയോഗിച്ചതിനാണ് വി. ഡി സതീശനെതിരെ കേസെടുത്തത്. രക്തസാക്ഷിയുടെ ഫണ്ട് അടിച്ച് മാറ്റിയവരാണിത് പറയുന്നതെന്നും ഷാജി കുറ്റപ്പെടുത്തി. വീട് ഇല്ലാത്തവന്റെ ഭൂമി അടക്കം അടിച്ചു മാറ്റുകയാണ് പിവി അൻവർ. എന്നാൽ പറവൂരിൽ വീട് ഇല്ലാത്തവർക്ക് വീട് നൽകുകയാണ് സതീശനെന്നും ഷാജി പറഞ്ഞു.
സംസ്ഥാനത്ത് ഇടത് സർക്കാർ കാലത്ത് നായ്ക്ക് ബിസ്‌ക്കറ്റ് വാങ്ങുന്നതിലും അഴിമതിയാണ്. കേസ് അന്വേഷിക്കാൻ നായ പോവാത്തത് കൊണ്ട് നായക്ക് എന്തിനാ ബിസ്‌ക്കറ്റെന്നാണോ? സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയല്ലേ കേസ് അന്വേഷിക്കുന്നത്. പിന്നെ എന്തിനാണ് നായയെന്നും ഷാജി പരിഹസിച്ചു. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് വർഗീയ വത്ക്കരണത്തിലാണ് സിപിഎം ശ്രമം. ഏക സിവിൽ കേഡിലാണോ സെമിനാർ സംഘടിപ്പിക്കേണ്ടതെന്ന ചോദ്യമുയർത്തിയ ഷാജി, മണിപ്പൂർ വിഷയമാണ് ചർച്ച ചെയ്യേണ്ടതെന്നും വിശദീകരിച്ചു.

Top News from last week.