മന്ത്രി സമീർ അഹമ്മദ് ഖാൻ ഉൾപ്പെടെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് വേണ്ടി 10 കോടി രൂപയുടെ ഫണ്ട് കൈമാറിയെന്നും പാർട്ടിക്കെതിരെ പ്രവർത്തിച്ചെന്നുമാണ് ആരോപണം.എസ്.ഡി.പി.ഐ ബന്ധത്തിൽ കുടുങ്ങി കർണാടകയിലെ കോൺഗ്രസ്. ഏപ്രിൽ ഒമ്പതിന് നടന്ന ദാവൺഗരെ സൗത്ത് ഉപതിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ
ണം നൽകി പിന്തുണച്ചെന്ന ആരോപണമാണ് സംസ്ഥാനത്തെ കോൺഗ്രസിനുള്ളിൽ പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഫ്സൽ കോഡ്‌ലിപേട്ടെയുടെ പ്രചാരണത്തിന് രഹസ്യമായി പണം നൽകി സഹായിച്ചെന്ന ആരോപണമാണ് സംസ്ഥാന മന്ത്രി സമീർ അഹമ്മദ് ഖാൻ, എം.എൽ.സിമാരായ നസീർ അഹമ്മദ്, ജബ്ബാർ എന്നിവർക്കെതിരെ ഉയർന്നിരിക്കുന്നത്.പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, സംസ്ഥാനത്തെ നിരവധി നേതാക്കൾ ഈ വിഷയം കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മന്ത്രിയടക്കം മൂന്നു പേർക്കെതിരെയും ദേശീയ കോൺഗ്രസ് നേതൃത്വം നടപടി എടുക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാൽ ഈ വിഷയത്തിൽ കോൺഗ്രസ് പാർട്ടി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.
സ്ഥാനാർത്ഥി നിർണയ വിവാദം
മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന ഷാമനൂർ ശിവരങ്കപ്പയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം മെയ് നാലിനാണ് പ്രഖ്യാപിക്കുക. ന്യൂനപക്ഷ വിഭാഗത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ വേണമെന്ന് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുമ്പോൾ ഈ മൂന്നു നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പാർട്ടി നേതൃത്വം മന്ത്രി എസ്.എസ്. മല്ലികാർജുന്റെ മകൻ സമർത്ഥ് മല്ലികാർജുനെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ തീരുമാനത്തിൽ അസംതൃപതരായ നേതാക്കൾ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് വേണ്ടി 10 കോടി രൂപയുടെ ഫണ്ട് കൈമാറിയെന്നും പാർട്ടിക്കെതിരെ പ്രവർത്തിച്ചെന്നുമാണ് ആരോപണം.
പ്രതിരോധത്തിലായി കോൺഗ്രസ്
വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് മന്ത്രിക്കെതിരെയും മറ്റു രണ്ട് എം.എൽ.സിമാർക്കെതിരെയും കർശന നടപടിയെടുത്താൽ അത് കർണാടകയിലെ കോൺഗ്രസിന് വലിയ ക്ഷീണമാകും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തുടരുന്ന തർക്കങ്ങൾക്കിടയിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് രണ്ടു വർഷം മാത്രം ബാക്കിനിൽക്കെ, ഈ തർക്കം തുടർഭരണം ലക്ഷ്യമിടുന്ന കോൺഗ്രസിന്റെ നീക്കങ്ങളെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തുന്നത്.
ദാവൺഗരെ സൗത്തിനൊപ്പം സംസ്ഥാനത്തെ ബാഗൽകോട്ട് നിയമസഭ മണ്ഡലത്തിലേക്കും ഏപ്രിൽ ഒമ്പതിന് തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. 2023 മെയ് മാസത്തിൽ 136 സീറ്റുകളുമായി അധികാരത്തിലെത്തിയ കോൺഗ്രസിന് ഈ സീറ്റുകളും നിലനിർത്തി കൂടുതൽ ശക്തി തെളിയിക്കാനുള്ള അവസരമായിരുന്നു. ബാഗൽകോട്ടിലും സിറ്റിംഗ് എം.എൽ.എ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.









