മഞ്ചേശ്വരത്തും മങ്കടയിലും സ്ഥാനാർത്ഥികളെ പിൻവലിച്ച് എസ്ഡിപിഐ; യുഡിഎഫ് നീക്കമെന്ന് ബിജെപി

ഏപ്രിൽ 9-ന് നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മണ്ഡലങ്ങളായ മഞ്ചേശ്വരത്തും മങ്കടയിലും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സ്ഥാനാർത്ഥികളെ പിൻവലിച്ച് എസ്ഡിപിഐ . ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി അഷ്റഫ് കെ എം ആണ് നാമനിർദ്ദേശ പത്രിക പിൻവലിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ മതേതര വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്ന് എസ്ഡിപിഐ നേതൃത്വം വിശദീകരിച്ചു.വ്യാഴാഴ്ച രാവിലെ ഉപ്പളയിൽ നടന്ന സംസ്ഥാന നേതാക്കളുടെ യോഗത്തിന് ശേഷമാണ് മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയായ അഷ്റഫ് കെ എം പത്രിക പിൻവലിക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ പിന്മാറാൻ വിമുഖത കാണിച്ച അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാൽ പിന്നീട് പാർട്ടി തീരുമാനത്തിന് വഴങ്ങുകയായിരുന്നു.

ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കുന്ന മുസ്ലീം ലീഗ് സ്ഥാനാർത്ഥി എ കെ എം അഷ്റഫിന്റെ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് ഈ തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. വിവിധ മത-സാമൂഹിക സംഘടനകളുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി അബ്ദുൽ ലത്തീഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുഡിഎഫിനെതിരെ ബിജെപി

എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് കോൺഗ്രസ് നേതാവ് വി ഡി സതീശന്റെയും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെയും സമ്മർദ്ദം മൂലമാണെന്ന് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ആരോപിച്ചു. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പറയാൻ വി ഡി സതീശന് നട്ടെല്ലില്ലെന്നും അദ്ദേഹം പരിഹസിച്ചു.

മുസ്ലീം സമുദായ നേതാക്കളെ ഉപയോഗിച്ച് യുഡിഎഫ് എസ്ഡിപിഐയിൽ സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ഇത്തവണ വിജയിക്കുമെന്ന ആത്മവിശ്വാസവും സുരേന്ദ്രൻ പ്രകടിപ്പിച്ചു.

മങ്കടയിലെ സ്ഥാനാർത്ഥി മാറ്റം

മലപ്പുറം ജില്ലയിലെ മങ്കടയിലും എസ്ഡിപിഐ സ്ഥാനാർത്ഥി അഷ്റഫ് നാമനിർദ്ദേശ പത്രിക പിൻവലിച്ചു. മുസ്ലീം ലീഗ് നേതാവ് മഞ്ഞളാംകുഴി അലിക്കെതിരെയാണ് അദ്ദേഹം ഇവിടെ പത്രിക നൽകിയിരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് പിന്മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ഘടകങ്ങൾ പരിഗണിച്ചാണ് മങ്കടയിൽ നിന്ന് മാറാൻ പാർട്ടി തീരുമാനിച്ചത്.

എസ്ഡിപിഐ നിലപാട്

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും പിൻവാങ്ങുന്നതും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് പ്രസ്താവനയിൽ പറഞ്ഞു. ബിജെപിക്ക് വിജയസാധ്യതയുള്ള ഇടങ്ങളിൽ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top News from last week.

Latest News

More from this section