എസ്എഫ്‌ഐഒക്ക് തിരിച്ചടി; സിഎംആർഎൽ-എക്‌സാലോജിക് കരാറിലെ അന്വേഷണത്തിനുള്ള തുടർ നടപടികൾ വിലക്കി ഡൽഹി ഹൈക്കോടതി

 

ന്യൂഡൽഹി: സിഎംആർഎൽ-എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ അന്വേഷണത്തിന് തിരിച്ചടി. തുടർ നടപടികൾ സ്വീകരിക്കുന്നതിന് എസ്എഫ്‌ഐഒയ്ക്ക് വിലക്കേർപ്പെടുത്തി ഡൽഹി ഹൈക്കോടതി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലെ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ പാടില്ലെന്നും ഡൽഹി കോടതി ഉത്തരവിട്ടു. സിഎംആർഎൽ ഹർജിയിൽ അന്തിമ തീരുമാനമെടുക്കും വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം എസ്എഫ്ഐഒയും വകുപ്പും തമ്മിൽ ആശയ വിനിമയത്തിൽ ഉണ്ടായ കുറവ് കാരണമാണ് റിപ്പോർട്ട് ഫയൽ ചെയ്തതെന്നും ഇത് മനപ്പൂർവ്വം ഉണ്ടായതല്ലെന്നും കേന്ദ്രം അറിയിച്ചതായി കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
എക്സാലോജിക് – സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെങ്കിലും വിചാരണ കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യില്ലെന്ന് എസ്എഫ്ഐഒ കോടതിക്ക് വാക്കാൽ ഉറപ്പ് നൽകിയിരുന്നുവെന്ന് സുബ്രമണ്യം പ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാൽ എന്തുകൊണ്ടാണ് ഉറപ്പ് പാലിക്കാത്തതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡൽഹി ഹൈക്കോടതി ചോദിച്ചു. പിന്നാലെ പുറത്തിറക്കിയ ഉത്തരവിലാണ് എസ്എഫ്ഐഒയ്ക്ക് വിലക്കേർപ്പെടുത്തിയത്. സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സിഎംആർഎല്ലിനും ടി വീണയ്ക്കും എതിരെ എസ്എഫ്‌ഐഒ കുറ്റപത്രം നൽകിയിരുന്നു. കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടായിരുന്നു. തട്ടിപ്പിൽ ടി വീണ പ്രധാന പങ്കുവഹിച്ചുവെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ അറിവോടെയാണ് തട്ടിപ്പുനടന്നത്. പ്രവർത്തിക്കാത്ത കൺസൾട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആർഎൽ പണം നൽകിയതെന്നും പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ 5 ലക്ഷം രൂപ കൂടി എക്സാലോജിക്കിനു നൽകിയെന്നും കുറ്റപത്രത്തിലുണ്ട്. എക്സാലോജികിന് സിഎംആർഎൽ പ്രതിമാസം 3 ലക്ഷം രൂപ നൽകിയിരുന്നു. ഇതിന് പുറമേ ടി വീണയ്ക്കും കമ്പനി പ്രതിമാസം 5 ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട് എന്നുമായിരുന്നു എസ്എഫ്ഐഒയുടെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐഒ റിപ്പോർട്ടിന്മേൽ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കോടതിയെ സമീപിച്ചതും തുടർ നടപടികൾ സ്വീകരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതും.

Top News from last week.

Latest News

More from this section