സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിൽ കടുത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്. വിവിധ അപകടങ്ങളിലായി മൂന്ന് പേർ മരണപ്പെട്ടു. അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട്ടമ്മയും, പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് യുവാവും, കോലാഹലമേട്ടിൽ 72-കാരനുമാണ് മരിച്ചത്. പയ്യാനിത്തോട്ടത്തിൽ യുവാവിന്റെ അമ്മയെ കാണാതായിട്ടുണ്ട്.
പത്തനംതിട്ട റാന്നിയിൽ റോഡുകൾ വെള്ളത്തിലായതോടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വെള്ളം കയറിയ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു വരികയാണ്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ഡിങ്കി ബോട്ടുകൾ സ്ഥലത്തെത്തിക്കും. തൂമ്പാക്കുളത്തുണ്ടായ ഉരുൾപൊട്ടലിനും അരയാഞ്ഞിലിമണ്ണ് കോസ് വേ മുങ്ങിയതിനും പിന്നാലെ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
അതേസമയം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ എന്നിവരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മണിക്ക് റവന്യൂ മന്ത്രി ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എൻഡിആർഎഫും പോലീസും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും പുനരധിവാസം വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പൂർണ്ണ ചുമതല റവന്യൂ മന്ത്രി ഏകോപിപ്പിക്കും.








