കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്


മലപ്പുറം: ഓടുന്ന കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വെച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി അതിക്രമിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത പ്രതിയെ കണ്ടെത്താൻ കൊണ്ടോട്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിൽ പുളിക്കൽ വെച്ചാണ് ഒപ്പം യാത്ര ചെയ്തിരുന്നയാളിൽ നിന്നും വിദ്യാർത്ഥിനിക്ക് ദുരനുഭവമുണ്ടായത്.

സംഭവം ഉടൻ തന്നെ ബസിലെ കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വിഷയം ഗൗരവമായെടുക്കാനോ ബസ് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവിടാനോ അദ്ദേഹം തയ്യാറായില്ലെന്ന് പെൺകുട്ടി ആരോപിക്കുന്നു. ‘എന്തിനാണ് ജനറൽ സീറ്റിൽ പോയി ഇരുന്നത്’ എന്ന് ചോദിച്ച് തനിക്കെതിരെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് കണ്ടക്ടർ സംസാരിച്ചതെന്നും വിദ്യാർത്ഥിനി പരാതിയിൽ വ്യക്തമാക്കുന്നു.
ജീവനക്കാരന്റെ അനാസ്ഥയ്ക്കെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പെൺകുട്ടിയുടെ തീരുമാനം. അതിക്രമത്തിൽ കേസെടുത്ത കൊണ്ടോട്ടി പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും വേഗം കൊണ്ടോട്ടി എസ്.എച്ച്.ഓയെയോ, എസ്.ഐയെയോ, പോലീസ് സ്റ്റേഷനെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.









