തിരുവനന്തപുരം: നീറ്റ് പരീക്ഷാ വിവാദത്തിൽ ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ ആർഎസ്എസ് നേതാവും സൈദ്ധാന്തികനുമായ ടി.ജി മോഹൻദാസിനെതിരെ എസ്എഫ്ഐ പോലീസിൽ പരാതി നൽകി. സമരത്തിൽ പങ്കെടുത്ത ജനറേഷൻ സി പ്രക്ഷോഭകരെ വെടിവച്ചു കൊല്ലണമെന്നും അവർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും ഒരു യൂട്യൂബ് ചാനലിലൂടെ മോഹൻദാസ് അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ നന്ദനാണ് സംസ്ഥാന ഡിജിപിക്ക് പരാതി നൽകിയത്.
ജന്തർ മന്തറിന് ചുറ്റും കർഫ്യൂ പ്രഖ്യാപിച്ച് ആൾക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷം വെടിവയ്ക്കണമായിരുന്നുവെന്നാണ് മോഹൻദാസ് യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞത്. കുറച്ചുപേർ മരിക്കുകയും അംഗഭംഗം സംഭവിക്കുകയും ചെയ്താലും നാലുമണിക്കൂർ കൊണ്ട് രംഗം ശാന്തമാകുമെന്നും ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസിനെ പിൻവലിച്ച് സമരം നടക്കുന്നയിടം പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുകൊടുത്താൽ അവിടെ കൊലപാതകവും കൂട്ടബലാത്സംഗവും നടക്കുമെന്നും, ഇടതുപക്ഷ ജനാധിപത്യ പ്രവർത്തകർക്ക് ഇത്തരം കാര്യങ്ങളാണ് ഇഷ്ടമെന്നും പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ കഥയെ പരാമർശിച്ചുകൊണ്ട് മോഹൻദാസ് അധിക്ഷേപിച്ചിരുന്നു.
വിഷയത്തിൽ ശക്തമായ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും രംഗത്തെത്തിയിട്ടുണ്ട്. നീറ്റ് വിഷയത്തിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കാനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടയ്ക്കാനും കാണിച്ച അതേ ശുഷ്കാന്തി കേരള പോലീസും സർക്കാരും ഈ വർഗീയ വിഷത്തെ പിടിച്ച് ജയിലിലടയ്ക്കാൻ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.








