തിരുവനന്തപുരം: എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ആവശ്യം. സംഘടനാതലത്തിൽ ഇടപെടൽ വേണമെന്നും വിവാദങ്ങൾ തിരിച്ചടിയായെന്നുമാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ.
വ്യാജരേഖാ വിവാദങ്ങൾ ഉൾപ്പെടെ ഉയർന്ന് വന്ന പശ്ചാത്തലത്തിൽ തന്നെ സിപിഐഎം എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന് ആവശ്യമുയർന്ന് വന്നിരുന്നു. എന്നാൽ എസ്എഫ്ഐയെ സിപിഐഎം നിയന്ത്രിക്കേണ്ടതില്ലെന്നും എസ്എഫ്ഐ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനയാണെന്നുമാണ് മുതിർന്ന സിപിഐഎ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് എസ്എഫ്ഐയെ നിയന്ത്രിച്ചില്ലെങ്കിൽ അത് സിപിഐഎമ്മിന് ദോഷം ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടത്.
സിഐടിയുവിലെ മിനികൂപ്പർ വിവാദവും ഇന്നലെ നടന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയായി. നേതാക്കളുടെ മിനികൂപ്പർ പ്രവണത തിരുത്തപ്പെടേണ്ടതാണെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. സി.ഐ.ടി.യു നേതാവ് മിനി കൂപ്പർ വാങ്ങിയത് തെറ്റാണ്. ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത് ഉചിതമായെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.