ശശി തരൂര്‍ ഉപരാഷ്ട്രപതി? ധന്‍ഘറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം ഇതോ? അണിയറയില്‍ പുതിയ നീക്കം

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി ജഗ്ദീപ് ധന്‍ഘര്‍ രാജിവെച്ചതിന് പിന്നാലെ പകരം ആരായിരിക്കും ഉപരാഷ്ട്രപതിയാകുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളമനം ആരംഭിച്ച ദിവസം തന്നെയാണ് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ജഗ്ദീപ് ധന്‍ഘര്‍ സ്ഥാനം രാജി വെച്ചത്. ഇത് എല്ലാവരേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു.

അതേസമയം പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ശ്രമം എന്‍ഡിഎ ആരംഭിച്ചതായാണ് വിവരം. പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. അതിനിടെ അടുത്ത ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ ഡി എ സര്‍പ്രൈസ് പേരുകള്‍ പരിഗണിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് എം പിയും പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂരിന്റെ പേരാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ശശി തരൂര്‍. എന്നാല്‍ തരൂരിനെ പരമാവധി ചേര്‍ത്ത് പിടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് കേന്ദ്രം വിദേശത്തേക്ക് അയച്ച ഒരു പ്രതിനിധി സംഘത്തിന്റെ തലവനും തരൂര്‍ ആയിരുന്നു. കോണ്‍ഗ്രസ് നല്‍കിയ പേരുകള്‍ തള്ളിയാണ് തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ തരൂരുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് അസ്വാരസ്യത്തിലാണ്. എന്നാല്‍ പരസ്യ പ്രതികരണം നല്‍കി തരൂരിന് വേണ്ടത്ര ശ്രദ്ധ കൊടുക്കേണ്ടതില്ല എന്നും തരൂര്‍ പാര്‍ട്ടി വിടണമെങ്കില്‍ വിടട്ടെ എന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ കൂടിയാണ് തരൂരിന് ഉപരാഷ്ട്രപതി പദത്തിലേക്ക് സാധ്യതയേറുന്നത്.

തരൂര്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വന്നാല്‍ കോണ്‍ഗ്രസിലെ മറ്റ് അതൃപ്തര്‍ക്ക് കൂടി ബി ജെ പി നല്‍കുന്ന സന്ദേശമായിരിക്കും ഇത്. ബി ജെ പിയിലേക്ക് വന്നാല്‍ ഉന്നത സ്ഥാനം കാത്തിരിക്കുന്നു എന്ന വ്യക്തമായ സന്ദേശമാണ് തരൂരിന്റെ ഉപരാഷ്ട്രപതി സ്ഥാനം കോണ്‍ഗ്രസിലെ മറ്റ് അതൃപ്തര്‍ക്ക് നല്‍കുക. അതേസമയം തരൂരിനെ കൂടാതെ ലിസ്റ്റിലുള്ള മറ്റ് പേരുകളും മലയാളി ബന്ധമുള്ളതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

 

Top News from last week.

Latest News

More from this section