ന്യൂഡൽഹി:സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി തിരുവനന്തപുരം എം പി ശശി തരൂർ. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമെന്ന് ശശി തരൂർ പ്രതികരിച്ചു. ഈ വിഷയത്തിൽ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്നും തരൂർ പറഞ്ഞു. സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടിയതിൽ കൗശലമുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.
സ്വകാര്യ ബിൽ ഏത് അംഗത്തിനും അവതരിപ്പിക്കാം, എന്നാൽ കോൺഗ്രസിൽ ഇങ്ങനെ ഒരു ചർച്ച ഉണ്ടായിട്ടില്ലെന്ന് തരൂർ വ്യക്തമാക്കുന്നു. വിഷയത്തിൽ ഹൈബി രാഷ്ട്രീയ ബുദ്ധികാട്ടിയില്ലെന്നും അദ്ദേഹം വിമർശിച്ചു. തലസ്ഥാനം നടുക്കാകണമെന്നില്ലെന്നും ഹൈബിയുടെ ലോജിക് ആണെങ്കിൽ ഡൽഹി അല്ല, നാഗ്പൂർ രാജ്യത്തിന്റെ തലസ്ഥാനമാകണമെന്നും തരൂർ പറഞ്ഞു. ചരിത്രം ഉൾപ്പെടെ പല കാര്യങ്ങളും കണക്കിലെടുത്താണ് ഒരു സ്ഥലം തലസ്ഥാനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് വേണമെന്ന് സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ആ കാര്യത്തിൽ കേന്ദ്രം സംസ്ഥാനത്തിന്റെ നിലപാട് തേടിയില്ല. പക്ഷേ, തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻറെ സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടിയതിൽ കൗശലമുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
വ്യവസായ തലസ്ഥാനമായ എറണാകുളത്തെ സംസ്ഥാന തലസ്ഥാനമാക്കേണ്ടതല്ലേയെന്ന ചർച്ചകൾ നേരത്തെയും ഉയർന്നിരുന്നു. ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്തേക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാരത്തൺ സമരങ്ങൾ വരെ തലസ്ഥാനത്തുണ്ടായിരുന്നു. ഇത്തരം ചർച്ചകൾക്കിടെയാണ് കേരള തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരണത്തിന് ഹൈബി ഈഡൻ അനുമതി തേടിയത്. കേരളത്തിൻറെ വടക്കേയറ്റത്തും മധ്യകേരളത്തിലുള്ളവർക്ക് തലസ്ഥാനത്തെ ഓഫീസുകളിലെത്താൻ ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നു എന്നാണ് ബില്ലിൽ ചൂണ്ടികാട്ടുന്നത്. എന്നാൽ, ഹൈബിയുടെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർപ്പറിയിച്ചിട്ടുണ്ട്.