ശശി തരൂർ പാർട്ടി ലൈൻ പാലിക്കണം; കോൺഗ്രസ് നേതൃത്വത്തിൻറെ മുന്നറിയിപ്പ്, തരൂർ പാർട്ടി നിലപാട് വിശദീകരിക്കണം

ദില്ലി: ഇന്ത്യ-പാക് സംഘർഷത്തിൽ വെടിനിർത്തൽ ധാരണയിലടക്കം കോൺഗ്രസ് പാർട്ടി നിലപാടിന് വ്യത്യസ്തമായ അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂർ എംപിക്ക് കോൺഗ്രസ് യോഗത്തിൽ വിമർശനം. ശശി തരൂർ പാർട്ടി ലൈൻ പാലിക്കണമെന്നാണ് യോഗത്തിൽ നേതൃത്വം മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ പാക് സംഘർഷത്തിൽ പാർട്ടി നിലപാടാണ് പറയേണ്ടതെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. പ്രവർത്തക സമിതി പലതവണ ചേർന്ന് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും നേതൃത്വം വ്യക്തമാക്കി.ഇന്ത്യ-പാക് സംഘർഷത്തിലെ പാർട്ടി നിലപാട് ശശി തരൂർ പൊതുസമൂഹത്തോട് വിശദീകരിക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.

യോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിലും തരൂരിനെ ജയറാം രമേശ് തള്ളിപ്പറഞ്ഞു. തരൂർ പറയുന്നത് പാർട്ടി നിലപാടല്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി. ഇന്ത്യ-പാക് സംഘർഷത്തിൽ തരൂരിൻറേത് വ്യക്തിപരമായ നിലപാടാണെന്നും ജയറാം രമേശ് പറഞ്ഞു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ യുദ്ധസമയത്ത് അമേരിക്കക്ക് കീഴടങ്ങാത്തത് ഉയർത്തി കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ പ്രചാരണം ഉയർത്തിയപ്പോൾ അതിനെ പരസ്യമായി തള്ളികൊണ്ട് തരൂർ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണിപ്പോൾ നേതൃത്വം രംഗത്തെത്തിയത്. കേന്ദ്ര സർക്കാരിന് അനുകൂലമായ നിലപാട് ശശി തരൂർ ആവർത്തിക്കുന്നതിനിടെയാണ് നേതൃത്വത്തിൻറെ മുന്നറിയിപ്പ്.

ഇന്ത്യ- പാക് സംഘർഷത്തിൽ കോൺഗ്രസിനെ നിരന്തരം വെട്ടിലാക്കിയാണ് ശശി തരൂർ എംപി രംഗത്തെത്തിയത്. മൂന്നാം കക്ഷിയുടെ ഇടപെടൽ കൊണ്ടല്ല പാകിസ്ഥാൻ കാലു പിടിച്ചതു കൊണ്ടാണ് വെടിനിർത്തലിന് ധാരണയായതെന്ന േേമാദിയുടെ വാദത്തെ തരൂർ പിന്തുണച്ചിരുന്നു. 1971ലെ ഇന്ദിര ഗാന്ധിയുടെ യുദ്ധ വിജയത്തോട് ഓപ്പറേഷൻ സിന്ദൂറിനെ താരതമ്യപ്പെടുത്തിയുള്ള കോൺഗ്രസിൻറെ അവകാശവാദങ്ങളെയും തരൂർ തള്ളിയിരുന്നു.1971ലെ സാഹചര്യമല്ല ഇപ്പോഴെന്നും പാകിസ്ഥാൻറെ ആയുധ ശേഖരം, സാങ്കേതിക വിദ്യ,നാശ നഷ്ടങ്ങളുണ്ടാക്കാനുള്ള ശേഷി ഇതെല്ലാം മാറിക്കഴിഞ്ഞെന്നും തരൂർ നേതൃത്വത്തെ തിരുത്തിയത്.

വെടിനിർത്തലിൽ ട്രംപിൻറെ അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ വീണ്ടും വരിഞ്ഞുമുറുക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ട്രംപ് വെറുതെ ക്രെഡിറ്റ് എടുക്കയാണെന്ന് തരൂർ പറഞ്ഞ് വെച്ചത്. ഇന്ത്യ ഒരിക്കലും ഒരു വിദേശ രാജ്യത്തിൻറെ മധ്യസ്ഥത ആവശ്യപ്പെടില്ലെന്നും ക്രെഡിറ്റ് ആരും ആഗ്രഹിച്ച് പോകുന്നത് സ്വാഭാവികമാണെന്നുമുള്ള തരൂരിൻറെ പ്രതികരണവും കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. തരൂരിൻറെ ഈ നിലപാടിൽ യോഗത്തിൽ നേതാക്കൾ കടുത്ത അതൃപ്തി ഉയർത്തിയെന്നാണ് വിവരം.

Top News from last week.

Latest News

More from this section