വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി. അനിൽകുമാറിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെയാണ് തരൂരിന് നേരെ ആക്രമണമുണ്ടായത്.കോൺഗ്രസ് എംപി ശശി തരൂരിൻ്റെ വാഹനവ്യൂഹം മലപ്പുറം വണ്ടൂരിൽ വെച്ച് ഒരു സംഘം തടയുകയും സുരക്ഷാ ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ വണ്ടൂർ പോലീസ് കേസെടുത്ത് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി. അനിൽകുമാറിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെയാണ് തരൂരിന് നേരെ ആക്രമണമുണ്ടായത്.രണ്ട് കാറുകളിലായെത്തിയ എട്ടോളം പേർ ശശി തരൂർ സഞ്ചരിച്ച വാഹനത്തെ തടയുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ വിഭാഗം അറിയിച്ചു. രണ്ട് വാഹനങ്ങളിലായാണ് തരൂരും സംഘവും സഞ്ചരിച്ചിരുന്നത്. ഇതിൽ തരൂർ ഉണ്ടായിരുന്ന ആദ്യ വാഹനമാണ് അക്രമികൾ തടഞ്ഞത്.വാഹനം മുന്നോട്ട് പോകാൻ അനുവദിക്കാതെ തടഞ്ഞുനിർത്തിയ സംഘം കാറിന്‍റെ ചില്ലുകളിൽ ശക്തമായി അടിക്കുകയും ബഹളം വെക്കുകയും ചെയ്തു. ഇത് തടയാനായി പുറത്തിറങ്ങിയ തരൂരിൻ്റെ ഗൺമാനെ സംഘം ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.
കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
സംഭവത്തിൽ കേസെടുത്ത വണ്ടൂർ പോലീസ് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്തുവരികയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, നിലവിൽ ഈ ആക്രമണത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. റോഡിലെ തർക്കമാണോ അതോ മറ്റ് കാരണങ്ങളാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
യുഡിഎഫ് വിജയം ഉറപ്പെന്ന് തരൂർ
ആക്രമണത്തിന് പിന്നാലെ വണ്ടൂരിൽ നടന്ന പ്രചാരണ യോഗത്തിൽ തരൂർ സംസാരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിന്‍റെ ഭാവി വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് യുഡിഎഫ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രമുഖ നേതാക്കൾക്ക് നേരെയുണ്ടായ ഈ ആക്രമണം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. ഏപ്രിൽ 9-നാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 4-ന് വോട്ടെണ്ണൽ നടക്കും.









