ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം: ഇറാൻ–ഗൾഫ് യോഗം മാറ്റിവച്ചു


ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം: ഇറാൻ–ഗൾഫ് യോഗം മാറ്റിവച്ചു

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന യോഗം മാറ്റിവച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദി ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച സലാലയിൽ നടത്താനിരുന്ന പ്രാദേശിക യോഗം “ഏകാഭിപ്രായം ഉറപ്പാക്കുന്നതിനായി” മാറ്റിവച്ചതായി അൽ ബുസൈദി വ്യക്തമാക്കി. അതേസമയം, സംഭാഷണം, പ്രാദേശിക സ്ഥിരത, ദീർഘകാല സഹകരണം എന്നിവയോടുള്ള ഒമാന്റെ പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ചില പ്രാദേശിക രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്നാണ് യോഗം മാറ്റിവച്ചതെന്ന് ഇറാനുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനും ഒമാനും സംയുക്തമായാണ് തീരുമാനമെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോർമുസ് കടലിടുക്കിലൂടെ പുതിയ സമുദ്രപാത സംബന്ധിച്ച് ഒമാനുമായി ധാരണയിലെത്തിയതായി ഇറാൻ നേരത്തെ അറിയിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിനൊപ്പം ചെങ്കടലിലൂടെയുള്ള പ്രധാന കപ്പൽപാതയിലും സമ്മർദം വർധിച്ചുവരുന്നതിനിടെയാണ് ഇറാൻ–ഗൾഫ് യോഗം മാറ്റിവച്ചത്. നയതന്ത്ര നീക്കത്തിന് തിരിച്ചടിയായാണ് യോഗം മാറ്റിവച്ചതിനെ വിലയിരുത്തുന്നത്.
അതിനിടെ, ആഗോള എണ്ണവില തിങ്കളാഴ്ച വീണ്ടും ഉയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 107 ഡോളറിന് മുകളിലും വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) 102 ഡോളറിന് മുകളിലുമാണ് വ്യാപാരം നടത്തിയത്.








