ആപ്പിൾ പ്രേമികൾക്ക് ഞെട്ടിക്കുന്ന വാർത്ത! ഐഫോൺ 17 വിലയിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത?


ഐഫോൺ 17 സ്വന്തമാക്കാൻ പദ്ധതിയിടുന്ന സാങ്കേതിക പ്രേമികളെ നിരാശരാക്കുന്ന വാർത്തകളാണ് വിപണിയിൽ നിന്നും പുറത്തുവരുന്നത്. മെമ്മറി ചിപ്പുകളുടെ നിർമാണച്ചെലവ് കുത്തനെ ഉയർന്നതിനെ തുടർന്ന് ഐഫോൺ 17 പരമ്പരയുടെ വില ആപ്പിൾ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കടന്നുവരവോടെ വിപണിയിൽ DRAM, NAND ഫ്ലാഷ് സ്റ്റോറേജ് ചിപ്പുകൾക്ക് വലിയ ക്ഷാമവും വിലവർധനവുമാണ് നേരിടുന്നത്. ഇത് സ്മാർട്ട്ഫോണുകളുടെ നിർമാണച്ചെലവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചൈനീസ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പ്രചരിക്കുന്ന സൂചനകൾ അനുസരിച്ച് ആപ്പിളിന്റെ ചില നിർമാണ ശേഷിയിൽ കുറവുവരുത്താനും നീക്കമുണ്ട്.

ഇന്ത്യൻ വിപണിയിലും ഈ വിലവർധനവിന്റെ പ്രതിഫലനം അനുഭവപ്പെടാൻ സാധ്യതയേറെയാണ്. നിലവിൽ 82,900 രൂപയ്ക്ക് ലഭ്യമാകുന്ന അടിസ്ഥാന ഐഫോൺ 17 (256GB) മോഡലിന് 12,000 രൂപയോളം വർധിച്ച് 94,990 രൂപ വരെയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഐഫോൺ 17 പ്രോ, പ്രോ മാക്സ് പതിപ്പുകൾക്കും ഉയർന്ന നിരക്ക് നൽകേണ്ടി വന്നേക്കും. നേരത്തെ ജപ്പാനിൽ ഐഫോൺ 17ന്റെ വിലയിൽ 11 ശതമാനത്തോളം വർധന വരുത്തിയിരുന്നെങ്കിലും ഇന്ത്യയിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല. എന്നാൽ അടുത്ത തലമുറയിലെ ഐഫോൺ 18 സീരീസിലും ഘടകങ്ങളുടെ വിലവർധനവ് ബാധിക്കുമെന്നും കൗണ്ടർപോയിന്റ്, ഐഡിസി തുടങ്ങിയ റിസർച്ച് ഏജൻസികൾ വിലയിരുത്തുന്നു. വില പരിഷ്കരണം സംബന്ധിച്ച് ആപ്പിൾ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, പുതിയ റിപ്പോർട്ടുകൾ ഉപഭോക്താക്കൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.









