ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ വിചാരണ തടവിൽ കഴിഞ്ഞിരുന്ന നാഗ്പുർ സർവകലാശാല മുൻ പ്രൊഫസർ ഷോമ സെന്നിന് ജാമ്യം. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഷോമ സെന്നിനെ 2018 ജൂണിൽ അറസ്റ്റ് ചെയ്തത്. അതിനുശേഷം ആദ്യമായാണ് ജാമ്യം ലഭിക്കുന്നത്. ഷോമ സെന്നിന്റെ പ്രായവും രോഗാവസ്ഥയും കണക്കിലെടുത്താണ് ജാമ്യം നൽകിയത്. ഒപ്പം ദീർഘകാലമായി വിചാരണ തടവിൽ കഴിയുന്നതും കോടതി പരിഗണിച്ചിരുന്നു.
സുപ്രീംകോടതി ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, അഗസ്റ്റിൻ ജോർജ് മാസി എന്നിവരടങ്ങിയ ബെഞ്ചാണ് ഷോമ സെന്നിന് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. ഷോമ സെന്നിനെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് എൻ ഐ എയും കോടതിയെ അറിയിച്ചിരുന്നു.
പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ മഹാരാഷ്ട്ര വിട്ടുപോകരുത്, പാസ്‌പോർട്ട് സറണ്ടർ ചെയ്യുക, മേൽവിലാസവും മൊബൈൽ നമ്പറും അന്വേഷണ ഉദ്യോഗസ്ഥന് നൽകുക എന്നീ ജാമ്യവ്യവസ്ഥകളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.