രാജ്യസഭയിലേക്ക് ഇല്ലെന്ന് തീർത്തുപറഞ്ഞ് സിദ്ധരാമയ്യ; ‘കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരും’

ബെംഗളൂരു: രാജ്യസഭയിലേക്ക് ഇല്ലെന്ന് കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സിദ്ധരാമയ്യ. നേതൃത്വത്തിന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താല്പര്യമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. രാജി സമർപ്പിച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് താൻ കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാൻ താൽപ്പര്യമില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയത്.

“ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോൾ രാജിവെക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. രണ്ടു ദിവസം മുൻപ് അവർ എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു അതിനാൽ ഞാൻ രാജി സമർപ്പിച്ചു”- എന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചത്. ഇതോടെ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകും. ജാതി സമവാക്യങ്ങൾ സന്തുലിതമായി നിലനിർത്താൻ പുതിയ മന്ത്രിസഭയിൽ രണ്ടോ മൂന്നോ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയുടെ സാമൂഹിക നീതി കാമ്പെയിന് കരുത്തു പകരാൻ സിദ്ധരാമയ്യയെപ്പോലെയുള്ള മുതിർന്ന ഒബിസി വിഭാഗത്തിലെ നേതാവിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരിക, ഒപ്പം ഡി കെ ശിവകുമാറുമായുള്ള അധികാരത്തർക്കം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാൻഡ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. എന്നാൽ തനിക്ക് ദില്ലിയിലേക്ക് പോകാൻ താൽപ്പര്യമില്ലെന്ന് സുദ്ധരാമയ്യ തീർത്തുപറഞ്ഞു. പാർട്ടിയിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ അദ്ദേഹം തള്ളി.

വികാരാധീനനായി സിദ്ധരാമയ്യ

വ്യാഴാഴ്ച രാവിലെ നടന്ന നിർണായകമായ മന്ത്രിസഭാ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി തീരുമാനം അറിയിച്ചത്. യോഗത്തിൽ പങ്കെടുത്ത ഡി കെ ശിവകുമാർ, സിദ്ധരാമയ്യയെ കെട്ടിപ്പിടിക്കുകയും അദ്ദേഹത്തിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് സംസ്ഥാനത്തില്ലാത്തതിനാൽ, ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറി പ്രഭു ശങ്കറിന് രാജി കത്ത് കൈമാറി.

“ഞാൻ സമ്പത്തിന് പുറകെ പോയിട്ടില്ല. സ്വത്തുക്കൾ സമ്പാദിച്ചിട്ടുമില്ല. എന്റെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമാണ്” വാർത്താസമ്മേളനത്തിൽ സിദ്ധരാമയ്യ വികാരാധീനനായി പറഞ്ഞു. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ദലിതർ എന്നിവരെ ഒന്നിപ്പിച്ച് സിദ്ധരാമയ്യ കെട്ടിപ്പടുത്ത ‘അഹിന്ദ’ വോട്ട് ബാങ്കാണ് 2023-ൽ കോൺഗ്രസിനെ കർണാടകയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിച്ചത്.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും സിദ്ധരാമയ്യ നിയമസഭാംഗമായി തുടരുകയാണ്. രാജ്യസഭാ സീറ്റ് നിരസിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ചർച്ചകൾ സജീവമാണ്. ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സിദ്ധരാമയ്യ ദില്ലിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അദ്ദേഹത്തെ ദേശീയ തലത്തിൽ പ്രധാന ചുമതലകളിൽ എത്തിക്കാൻ കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും, സിദ്ധരാമയ്യ ഇതിന് വഴങ്ങുമോ എന്ന് വ്യക്തമല്ല.

Top News from last week.

Latest News

More from this section