സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേസിൽ പുനരന്വേഷണം നടത്താനുള്ള തീരുമാനം എടുത്തത്2023-ൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ
പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എസ്.പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. കേസിൽ പുനരന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഡി.ജി.പി നിർദ്ദേശിച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേസിൽ പുനരന്വേഷണം നടത്താനുള്ള തീരുമാനം എടുത്തത്. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് വിജയിച്ച എ.ഡി തോമസ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്കാണ് ഗൺമാൻമാരുടെ മർദ്ദനത്തിൽ പരിക്കേറ്റിരുന്നത്.
‘കോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുത്തില്ല
തിങ്കളാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച വി.ഡി സതീശൻ, ഈ കേസ് കോടതിയുടെ മുന്നിലെത്തിയപ്പോൾ കോടതി പ്രൊസിക്യൂഷന്റെ വാദങ്ങൾ തള്ളുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നുവെന്ന് വ്യക്തമാക്കി. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും കഴിഞ്ഞ സർക്കാർ ഒരു വർഷത്തിലേറെയായി ഇതിൽ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇത് രാഷ്ട്രീയ പ്രതികാര നടപടിയുടെ ഭാഗമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സർക്കാർ കോടതി നിർദ്ദേശം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എങ്കിലും “ഞങ്ങൾ ഒന്നും മറക്കില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ‘രക്ഷാപ്രവർത്തനം’
എൽ.ഡി.എഫ് സർക്കാർ നടത്തിയ ജനസമ്പർക്ക പരിപാടിയായ നവകേരള സദസ്സ് ആലപ്പുഴ ജില്ലയിലെത്തിയപ്പോഴാണ് ഈ സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരെ കോൺഗ്രസും യുവജന-വിദ്യാർത്ഥി സംഘടനകളും കരിങ്കൊടി വീശി വ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു.
ഇതിനിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച എ.ഡി തോമസ് ഉൾപ്പെടെയുള്ള കെ.എസ്.യു-കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വാർത്താ ചാനലുകൾ പുറത്തുവിട്ടതോടെയാണ് വലിയ ചർച്ചയായത്. സംസ്ഥാനത്ത് ഇത്തരത്തിൽ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളെ മുഖ്യമന്ത്രി ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.
ആലപ്പുഴ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എയും സിപിഎമ്മിലെ അതികായനുമായ പിപി ചിത്തരഞ്ജനെ പരാജയപ്പെടുത്തിയാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് കൂടിയായ എ.ഡി തോമസ് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. 21,015 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 30 വയസ്സുകാരനായ തോമസ് ഇവിടെ വിജയം നേടിയത്. ഈ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എ.ഡി തോമസ്.









