പശ്ചിമേഷ്യയിലെ സാഹചര്യം: ജിദ്ദ, റിയാദ്, ദമ്മാം സർവീസുകൾ ഒക്ടോബർ 24 വരെ നിർത്തിവെച്ച് എയർ ഇന്ത്യ



പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെത്തുടർന്ന് ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു.
ഒക്ടോബർ 15-നോ അതിന് മുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത, ഒക്ടോബർ 9 മുതൽ 25 വരെ യാത്ര നിശ്ചയിച്ചിട്ടുള്ള യാത്രക്കാർക്ക് നവംബർ 10 വരെയുള്ള കാലയളവിൽ ഒരുതവണ സൗജന്യമായി യാത്രാ തീയതി മാറ്റാൻ അവസരമുണ്ട്.
നേരത്തേ നിശ്ചയിച്ച റൂട്ടിൽ മറ്റൊരു തീയതിയിൽ യാത്ര ചെയ്യാൻ താൽപര്യമില്ലാത്തവർക്ക്, ലഭ്യതയ്ക്ക് വിധേയമായി ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മേഖലയിലെ ഇരു വിമാനക്കമ്പനികളും സർവീസ് നടത്തുന്ന മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് യാത്ര പുനഃക്രമീകരിക്കാനും സാധിക്കും.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് യാത്ര ഒഴിവാക്കാൻ തീരുമാനിച്ചാൽ ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കും. റീബുക്കിങ്, റീഫണ്ട് നടപടികൾക്കായി ബന്ധപ്പെട്ട കസ്റ്റമർ കെയർ സെന്ററുകളെയോ ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ബുക്കിങ് ഓഫീസുകളെയോ സമീപിക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചു.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തുടർവിവരങ്ങൾ യാത്രക്കാരെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.




