സ്ഥിതി ആശങ്കാജനകം; അടിയന്തിര ഇടപെടൽ വേണംസി പി ഐ എം ജില്ലാ സെക്രട്ടറി കെ കേ രാഗേഷ് 

കാലവർഷക്കെടുതിയിൽ ജില്ലയുടെ മലയോരത്തെ സ്ഥിതി ആശങ്കാജനകമാണ്, സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പത്രപ്രസ്താവനയിൽ പറഞ്ഞു.

കനത്ത മഴയുടെ കെടുതി പിന്നിട്ടിട്ട് 24 മണിക്കൂർ കഴിഞ്ഞു. 13 വില്ലേജുകളിൽ വെള്ളപ്പൊക്ക സമാനമായ അവസ്ഥയാണ് ഇപ്പോഴും. 32 വില്ലേജിൽ കെടുതി തുടരുകയാണ്. ആറിടത്ത് ചെറിയ ഉരുൾപൊട്ടലുകളുണ്ടായി. കാലാവസ്ഥ മുന്നറിയിപ്പിന് അനുസരിച്ച് അടിയന്തിര നടപടി വൈകിയതാണ് ആഘാതം കൂട്ടിയത് എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത് നാട്ടുകാരും യുവജന സംഘടനകളുമാണ്. ഫയർഫോഴ്‌സ് സംഘം പോലും ഇതുവരെ എത്താത്ത മേഖലകളുണ്ട്. തകർന്ന റോഡും പൊട്ടിയ വൈദ്യുതി ലൈനും നന്നാക്കാൻ അടിയന്തിര ഇടപെടൽ വേണം.ചെറുപുഴയിൽ നിരവധി വീടുകളാണ് മുങ്ങിയത്. പകൽ സമയത്തെ മലവെള്ളപ്പാച്ചിലായതിനാലാണ് ആളപായം ഒഴിഞ്ഞത്. ഇവിടത്തെ ഫാമിൽ ആറായിരത്തോളം കോഴികളാണ് ചത്തത്. ഇതിനെ കുഴിച്ചിടാനുള്ള സഹായം പോലും അധികൃതർ ഏർപ്പെടുത്തിയിട്ടില്ല. വീട് ശുചീകരിക്കാനുള്ള നല്ല വെള്ളം യുവജന പ്രവർത്തകർ തലച്ചുമടായി എത്തിക്കുന്ന അവസ്ഥയുമുണ്ട്. ദുരിതാശ്വസ ക്യാമ്പിലും യാതൊരു ഏകോപനവുമില്ല. ഒന്നുരണ്ട് ഉദ്യോഗസ്ഥർ ഉണ്ടെന്നതൊഴിച്ചാൽ അടിയന്തിര ഇടപെടലിനുള്ള ഒരു നിർദ്ദേശവും ആരും നൽകിയിട്ടില്ല. മന്ത്രിയുടെ മണ്ഡലമായ പേരാവൂരിലും രക്ഷാപ്രവർത്തനത്തിലെ കെടുകാര്യസ്ഥത തുടരുകയാണ്. അതോടൊപ്പം പാൽച്ചുരം പാത അടച്ചിട്ട് യാത്രാ ദുരിതവും അടിച്ചേൽപിച്ചിരിക്കുന്നു.

സർക്കാരിന്റെ നിസംഗതക്കിടയിലും നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനമാണ് ഏക ആശ്വാസം. അത്തരം പ്രവർത്തനം ഒരാഴ്ചയെങ്കിലും തുടർന്നാൽ മാത്രമെ മലയോര ഗ്രാമങ്ങൾ സാധാരണ നിലയിലാകൂ. സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഏകോപനത്തിൽ ആ പ്രവർത്തനങ്ങൾ തുടരണം. ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം, മരുന്ന് അടക്കമുള്ള പ്രാഥമിക കാര്യങ്ങളിൽ അടിയന്തിര ശ്രദ്ധയുണ്ടാകണം. ആറളം അടക്കമുള്ള ആദിവാസി മേഖലയിലും പ്രത്യേക ശ്രദ്ധ എത്തിക്കാൻ പ്രവർത്തകർ ഇടണമെന്നു രാകേഷ് അഭ്യർത്ഥിച്ചു.

Top News from last week.