14കാരിയെ പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ പോലീസ് പിടിയിൽ; പിടിയിലായത് നാലാമത്തെ പോക്‌സോ കേസിൽ

കാസർകോട്: പെൺകുട്ടിയെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ പോലീസ് സാഹസികമായി പിടികൂടി. തളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിനാണ് (25) മയ്യിലുള്ള ബന്ധുവിന്റെ വീട്ടിൽ വെച്ച് മേൽപ്പറമ്പ് പോലീസിന്റെ വലയിലായത്. ഇതോടെ ഇവർക്കെതിരെയുള്ള പോക്‌സോ കേസുകളുടെ എണ്ണം നാലായി ഉയർന്നു.

​ജയിൽവാസത്തിനിടയിൽ പരിചയപ്പെട്ട സ്ത്രീയുടെ വീട്ടിൽ താമസിച്ച്, അവരുടെ 14 വയസ്സുകാരിയായ മകളെ ക്രൂരമായി ചൂഷണം ചെയ്യുകയായിരുന്നു പ്രതി. അമ്മ വീട്ടിലുള്ള സമയങ്ങളിൽ പോലും പെൺകുട്ടി പീഡനത്തിനിരയായി. പിന്നീട് കുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

​നേരത്തെയും സമാനമായ രീതിയിൽ കുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച ചരിത്രമുള്ളയാളാണ് പിടിയിലായ സ്നേഹ. മുൻപ് തളിപ്പറമ്പ് പോലീസ് എടുത്ത മൂന്ന് പോക്‌സോ കേസുകളിലും ഇവർ പ്രതിയാണ്. 12 വയസ്സുകാരിയെ വിലകൂടിയ സമ്മാനങ്ങൾ നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ സ്നേഹ, ആ കുട്ടിയുടെ സഹോദരനെയും ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതിയെ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് സംഘം വലയിലാക്കിയത്.

Top News from last week.