അടിത്തറ ഭദ്രം, റിട്ടേൺ മികച്ചത്; അദാനി പ്രൊമോട്ടറായ മൾട്ടിബാഗർ ഇൻഫ്രാസ്ട്രക്ചർ ഓഹരി കുതിപ്പിൽ

 വെറും 3 മാസം കൊണ്ട് നിക്ഷേപകരുടെ പണം ഇരട്ടിയിലധികം വര്‍ധിപ്പിച്ച ഒരു അത്ഭുത ഓഹരിയെ പറ്റിയാണ് ഇന്ന് പറയുന്നത്. ‘സെമിന്ത്യ പ്രോജക്റ്റ്സ്’ എന്ന ഓഹരിയെ പറ്റി നിങ്ങള്‍ക്ക് അറിയാമോ? റെക്കോര്‍ഡ് ഓര്‍ഡറുകളുമായി വിപണി ഭരിക്കുന്ന ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരിയാണിത്. പല നിക്ഷേപകരുടെയും പ്രിയപ്പെട്ട മള്‍ട്ടിബാഗര്‍ എന്നു വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. കഴിഞ്ഞ കുറച്ചുകാലമായി നിക്ഷേപകര്‍ക്ക് വലിയ ലാഭം നല്‍കുന്ന ഈ ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ പ്രമുഖ കമ്പനിയില്‍ ഇനി നിക്ഷേപ അവസരമുണ്ടോ എന്നതാണ് ചോദ്യം.

​ഓഹരിയിലെ കുതിപ്പിനുള്ള കാരണങ്ങള്‍

ശക്തമായ ഓര്‍ഡര്‍ ബുക്കാണ് ഓഹരിയുടെ പ്രധാന പ്ലസ് പോയിന്റ്. കമ്പനിക്ക് നിലവില്‍ 24,545 കോടിയുടെ റെക്കോര്‍ഡ് ഓര്‍ഡര്‍ ബുക്കുണ്ട്. ഇത് ഭാവിയിലെ മികച്ച വരുമാന വളര്‍ച്ചയെ സൂചിപ്പിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 10,000 കോടി കടന്നു. അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ തോതില്‍ വര്‍ധിച്ച് 598 കോടിയായി.

കേന്ദ്ര ബജറ്റില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പ്രാധാന്യവും, നല്‍കിയ റെക്കോര്‍ഡ് മൂലധന നിക്ഷേപവും കമ്പനിക്ക് പുതിയ പ്രോജക്റ്റുകള്‍ ലഭിക്കാന്‍ കാരണമായി. മാരിടൈം (തുറമുഖങ്ങള്‍), മെട്രോ റെയില്‍, എയര്‍പോര്‍ട്ടുകള്‍, ഡാറ്റാ സെന്ററുകള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ വൈവിധ്യമായ കരാറുകള്‍ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.

​ഓഹരിയുടെ പ്രാധാന്യമെന്ത്?

ഇന്‍ഫ്രാ മേഖലയില്‍ മുന്‍നിര സ്ഥാനമാണ് കമ്പനിക്കുള്ളത്. സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഇപിസി മേഖലകളില്‍ കമ്പനിക്കുള്ള ദീര്‍ഘകാല പരിചയവും, സാങ്കേതിക മികവും പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കമ്പനിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പിലെ അദാനി സാന്നിധ്യവും എടുത്തുപറയേണ്ട ഒന്നാണ്. അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തം ഈ ഓഹരിക്ക് വിപണിയില്‍ കൂടുതല്‍ വിശ്വാസ്യതയും, പുതിയ പ്രോജക്റ്റുകള്‍ നേടാനുള്ള സാധ്യതയും നല്‍കുന്നു. ഓഹരിയുടമകള്‍ക്ക് കൃത്യമായി ഡിവിഡന്റ് നല്‍കുന്ന ചുരുക്കം ഓഹരികളില്‍ ഒന്നുകൂടിയാണിത്.

​ഓഹരിയുടെ മള്‍ട്ടിബാഗര്‍ ചരിത്രം

കഴിഞ്ഞ 3 മാസത്തിനിടെ ഓഹരി 170% റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ ഓഹരി വില 481 രൂപ മാത്രമായിരുന്നു. അത് നിലവില്‍ 52 ആഴ്ചയിലെ ഏറ്റവും മികച്ച ഉയരമായ 1,380 രൂപയില്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ ഓഹരി 15 ശതമാനത്തോളം ഉയര്‍ന്നു കഴിഞ്ഞു. 1 മാസത്തെ നേട്ടം 32% ആണ്. ആറു മാസത്തില്‍ 78% നേട്ടം നല്‍കി. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ നിക്ഷേപകര്‍ക്ക് 470 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കിയ ചരിത്രം ഓഹരിക്കുണ്ട്. 5 വര്‍ഷത്തെ റിട്ടേണ്‍ 1,565% ആണ്.

ഓഹരി ഗുണങ്ങളും, ദോഷങ്ങളും

വിദഗ്ധര്‍ ഓഹരിയില്‍ പ്രതിവര്‍ഷം 25 ശതമാനത്തിലധികം വരുമാന വളര്‍ച്ച പ്രവചിക്കപ്പെടുന്നുവെന്നതാണ് പ്രധാന പോസിറ്റീവ്. ഓപ്പറേറ്റിംഗ് പ്രോഫിറ്റ് മാര്‍ജിന്‍ (EBITDA) 12% ആയി ഉയര്‍ന്നു നില്‍ക്കുന്നു. കമ്പനിയുടെ ഏകദേശം 67.46% ഓഹരികള്‍ പ്രെമോട്ടര്‍മാരുടെ കൈയ്യിലാണ്. ഈ ശക്തമായ പ്രൊമോട്ടര്‍ ഹോള്‍ഡിംഗ് അവര്‍ക്ക് കമ്പനിയിലുള്ള വിശ്വാസത്തെ കാണിക്കുന്നു.

ദോഷങ്ങളിലേയ്ക്ക് വരുമ്പോള്‍ ഹ്രസ്വകാലയളവില്‍ ഓഹരി വിലയില്‍ വലിയ രീതിയിലുള്ള കയറ്റിറക്കങ്ങള്‍ കാണുന്നുവെന്നതു തന്നെയാണ് പ്രാധാന നെഗറ്റീവ്. ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ പുതിയ കമ്പനികളില്‍ നിന്നുള്ള മത്സരം ലാഭവിഹിതത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന കാലതാമസവും, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും വെല്ലുവിളിയാണ്.

​നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിലവില്‍ ഓഹരി ബുള്‍ റണ്ണിലാണ്. 52 ആഴ്ചയിലെ മികച്ച ഉയരത്തിലാണ്. അതിനാല്‍ തന്നെ വിദഗ്ധരുടെ പുതിയ വിലയിരുത്തലുകള്‍ വരേണ്ടതുണ്ട്. നിലവിലെ കുതിച്ചുചാട്ടത്തിന് ശേഷം ഓഹരി അതിന്റെ ഫെയര്‍ വാല്യുവിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണോ ട്രേഡ് ചെയ്യുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.

നിക്ഷേപകര്‍ ഒന്നിച്ച് വലിയ തുക നിക്ഷേപിക്കുന്നതിന് പകരം വിപണിയിലെ തിരുത്തലുകളില്‍ അവസരം ഉപയോഗപ്പെടുത്തുന്നതാകും നല്ലത്. കമ്പനിയുടെ ഓരോ 3 മാസത്തെയും സാമ്പത്തിക ഫലങ്ങളും, പുതിയ ഓര്‍ഡറുകളും നിരീക്ഷിച്ച ശേഷം മാത്രം ദീര്‍ഘകാല നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുക.

​സെംഇന്ത്യ: ഒറ്റനോട്ടത്തില്‍

  • നിലവിലെ ഓഹരി വില: 1,380 രൂപ
  • നിലവിലെ വിപണിമൂല്യം: 23,878 കോടി
  • 52 വീക്ക് ഹൈ/ ലോ: 1,380 രൂപ/ 481 രൂപ
  • സ്‌റ്റോക്ക് പിഇ: 40.6
  • ബുക്ക്‌വാല്യൂ: 140 രൂപ
  • ഡിവിഡന്റ്: 0.22%
  • ആര്‍ഒസിഇ: 32.8%
  • ആര്‍ഒഇ: 27.8%
  • മുഖവില: 1 രൂപ

Top News from last week.