ലക്‌നൗ ടീമിനുള്ളില്‍ എന്തൊക്കെയോ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നു’; അശ്വിന്റെ വെളിപ്പെടുത്തല്‍

ടീമിനുള്ളിലെ രഹസ്യ ചർച്ചകൾ പന്തിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നും, ഈ സീസൺ മുഴുവൻ അദ്ദേഹത്തെ ഓപ്പണറായി കളിപ്പിക്കണമെന്നും അശ്വിൻ അഭിപ്രായപ്പെട്ടു.മുംബൈ: ലക്‌നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ കൈകാര്യം ചെയ്യുന്ന രീതിയെ ചോദ്യം ചെയ്ത് ഇന്ത്യന്‍ സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ രംഗത്ത്. പന്തിന്റെ ബാറ്റിംഗ് സ്ഥാനത്തെച്ചൊല്ലി ടീമിനുള്ളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും ഇത് താരത്തെ ആശയക്കുഴപ്പത്തിലാക്കുമെന്നും അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മിച്ചല്‍ മാര്‍ഷിനൊപ്പം ഓപ്പണറായാണ് പന്ത് ഇറങ്ങിയത്. എന്നാല്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ 7 റണ്‍സിന് താരം റണ്ണൗട്ടായി.

ഇതിന് പിന്നാലെ പന്ത് നടത്തിയ പ്രതികരണങ്ങളാണ് അശ്വിനെ ചൊടിപ്പിച്ചത്… ”ഇത്തരം പ്രസ്താവനകള്‍ മറ്റാരെയല്ല, പന്തിനെത്തുടന്നെയാണ് ആശയക്കുഴപ്പത്തിലാക്കുന്നത്. അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ കാരണം ടീമിനുള്ളില്‍ എന്തൊക്കെയോ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നതിനാലാണ്. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഈ സീസണ്‍ മുഴുവന്‍ പന്തിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിപ്പിക്കുമായിരുന്നു. മൂന്നാം നമ്പറില്‍ അദ്ദേഹം സെഞ്ചുറി നേടിയിട്ടുണ്ടാകാം, എങ്കിലും ഓപ്പണിംഗ് ആണ് അദ്ദേഹത്തിന് കൂടുതല്‍ അനുയോജ്യം. ടീം മാനേജ്മെന്റ് കുറച്ചുകൂടി ക്ഷമ കാണിക്കണം.” അശ്വിന്‍ പറഞ്ഞു.

ഓപ്പണര്‍ വേഷത്തില്‍ പന്ത് കൂടുതല്‍ അപകടകാരിയാണ്. 23 ടി20 ഇന്നിംഗ്‌സുകളില്‍ ഓപ്പണറായി ഇറങ്ങിയ പന്തിന് 159 സ്‌ട്രൈക്ക് റേറ്റുണ്ട്. ഇതില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. പവര്‍പ്ലേ ഓവറുകളില്‍ പന്തിന്റെ ആക്രമണ ശൈലി ടീമിന് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഋഷഭ് പന്തിന്റെ പ്രതികരണം

ഡല്‍ഹി മത്സരത്തിന് ശേഷം തന്റെ ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ച് പന്ത് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു… ”ഓപ്പണറായി എത്തുകയെന്നത് 50-50 തീരുമാനമാണ്, എങ്കിലും വരും മത്സരങ്ങളില്‍ എന്നെ ടോപ്പ് ഓര്‍ഡറില്‍ തന്നെ കാണാന്‍ സാധിക്കും.” ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 141 റണ്‍സിന് ലക്നൗ പുറത്തായപ്പോള്‍ അബ്ദുള്‍ സമദും (36) മിച്ചല്‍ മാര്‍ഷും (35) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. സമീര്‍ റിസ്വിയുടെയും ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെയും മികവില്‍ ഡല്‍ഹി ഈ ലക്ഷ്യം എളുപ്പത്തില്‍ മറികടന്നിരുന്നു. പന്തിനെ ഓപ്പണറായി നിലനിര്‍ത്തുമോ അതോ പഴയ പൊസിഷനിലേക്ക് മാറ്റുമോ എന്നത് ലഖ്നൗവിന്റെ ഈ സീസണിലെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമാകും

Top News from last week.

Latest News

More from this section