കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ നിര്‍ണായക വിവരം പുറത്ത്. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തല്‍. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യം പറഞ്ഞത്. ആയുധം നല്‍കിയ ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10-ാം ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. സെല്ലില്‍ ഒരു തടവുകാരന്‍ കൂടി ഉണ്ടായിരുന്നു. 2 കമ്പികള്‍ മുറിച്ചാണ് ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ജയിലിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കൊണ്ടുവന്ന ബ്ലേഡാണ് കമ്പി മുറിക്കാനുപയോഗിച്ചത്. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന 10-ാം ബ്ലോക്കിന്റെ ഒരുഭാഗത്ത് റിമാന്‍ഡ് തടവുകാരുണ്ട്.
തടവുകാര്‍ ഉണക്കാന്‍ ഇട്ടിരുന്ന വസ്ത്രങ്ങളെടുത്താണ് രക്ഷപ്പെട്ടത്.
തളപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. പലരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചത്. ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തില്‍ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാര്‍ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആള്‍ക്കാര്‍ എത്തി. ഇതിനിടെ കെട്ടിടത്തില്‍ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇയാളെ പിടികൂടി.









